രാജാക്കാട്: രാത്രിയിലെ കനത്ത മഴയിൽ സുഖമായി മൂടിപുതച്ച് ഉറങ്ങുമ്പോൾ, പുറത്ത് മഴയെ മറയാക്കി മോഷണം പതിവാക്കിയ കള്ളന്മാർ വിലസുന്ന കാര്യം മറക്കണ്ട. ജില്ലയിൽ മഴ ശക്തമായതോടെ മോഷണവും പെരുകുകയാണ്. ശക്തമായ മഴയിൽ മറ്റ് ശബ്ദങ്ങളൊന്നും പുറത്ത് കേൾക്കില്ലെന്നതും മഴക്കാലത്തെ പതിവ് വൈദ്യുതി മുടക്കവുമാണ് കള്ളന്മാരെ മഴയുടെ ഇഷ്ടക്കാരാക്കുന്നത്. കഴിഞ്ഞ ദിവസം രാജകുമാരി നോർത്തിലെ അമ്പലപ്പടി, മഞ്ഞക്കുഴി മേഖലയിൽ വ്യാപക മോഷണശ്രമം നടന്നു. രാത്രി ഒരുമണിയ്ക്ക് ശേഷം പുത്തയത്ത് എൽദോയുടെ വീടിന്റെ പിന്നിലെ വാതിൽ കുത്തിതുറക്കാൻ ശ്രമം നടന്നു. വാഴക്കാല പോളിന്റെ വീടിനു മുന്നിൽ തെളിച്ചിട്ടിരുന്ന ബൾബ് ഊരിയെടുത്തുകൊണ്ട് പോയി. ശബ്ദം കേട്ട് വീടുകളിൽ ഉണ്ടായിരുന്നവർ എഴുന്നേറ്റതോടെയാണ് മോഷണ ശ്രമം പരാജയപ്പെട്ടത്. ഏറെ വൈകാതെ അമ്പലപ്പടി ഭാഗത്ത് അച്ചാരുകുടിയിൽ ജോൺസന്റെ വീടിന് സമീപം സംശയകരമായ സാഹചര്യത്തിൽ അപരിചിതരായ മൂന്ന് പേർ നിൽക്കുന്നത് അതുവഴി വാഹനത്തിൽ എത്തിയ പ്രദേശവാസികൾ കണ്ടു. വാഹനം കണ്ടതോടെ മൂവരും കൃഷിയിടത്തിലൂടെ ഓടി മറഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർ അറിയിച്ചത് പ്രകാരം നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രാവിലെ ജോൺസന്റെ പുരയിടത്തിൽ കോടാലി, തോർത്ത്, ടീ ഷർട്ട് എന്നിവ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പുത്തയത്ത് എൽദോയുടെ വീട്ടിൽ നിന്ന് കാണാതായ കോടാലിയാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ക്ഷേത്രത്തിന് സമീപം ഒരു വീടിന്റെ വാതിൽ കുത്തിതുറക്കാനുള്ള ശ്രമവും നടന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.