തൊടുപുഴ: പുരോഗമന തൊഴിലാളി പ്രസ്ഥാനങ്ങൾക്കും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനും ശക്തി പകരുന്ന നിലപാടുകൾ സ്വീകരിച്ച് സിവിൽ സർവ്വീസിൽ വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തിയ നേതാവായിരുന്നു ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എ. സുരേഷ് കുമാറെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. സർവീസിൽ നിന്ന വിരമിച്ച സുരേഷ് കുമാറിന് തൊടുപുഴ ടൗൺഹാളിൽ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതേതരത്വവും സഹിഷ്ണുതയും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ സിവിൽ സർവീസിന്റെ പരിമിതികളിൽ നിന്ന് മുക്തമായി പൊതുസമൂഹത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഈ വിരമിക്കലിലൂടെ സാധിക്കുന്നുവെന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ജില്ലയിലെ സംഘടനാ ചരിത്രത്തിൽ ജോയിന്റ് കൗൺസിലിന്റെ വളർച്ചയ്ക്കും അതുവഴി സർവീസ് സംഘടനകൾക്ക് ആകെ തന്നെയും സ്വീകാര്യത പൊതുജനമധ്യത്തിൽ ഉയർത്താൻ സുരേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ മൂലം സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ. ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ജി മോട്ടിലാൽ ഉപഹാര സമർപ്പണം നടത്തി. ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻനായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിൽ സർവീസ് സ്റ്റോറി അവതരിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ പി.പി. ജോയി, വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ എം.എം. ജോർജ്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേഷ് ബേബി, എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, ഡബ്ല്യു.സി.സി ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാർ, ഐ.എ.എൽ ജില്ലാ സെക്രട്ടറി അഡ്വ. എബി ഡി കോലോത്ത്, ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി.ജി. പ്രസാദ്, കെ.ആർ.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അശോക്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ. അനീഷ്, വി.ആർ. ബീനാമോൾ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ കെ.എസ്. രാജേഷ് നന്ദിയും പറഞ്ഞു.