ചെറുതോണി: ജില്ലയിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയായ വിത്ത് യാത്ര 15ന് തുടങ്ങും. കവിയും പരിസ്ഥിതി പ്രവർത്തകനുമായ പി.എൽ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് വിത്ത് യാത്രാ പര്യടനം ജില്ലയിൽ നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രി വളപ്പിൽ 15ന് രാവിലെ 11ന് ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടിയായ ചെമ്പൻ കൊലുമ്പന്റെ കൊച്ചുമകനും ആദിവാസി ഊരാളിക്കുടി ഗോത്രത്തലവനും ഊരുമൂപ്പനുമായ തേനൻ ഭാസ്‌കരൻ കാണി നിർവഹിക്കും. ഫല, ഔഷധ, തണൽ മരങ്ങളുടെ വിത്തുകൾ പാകി മുളപ്പിച്ച് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സമീപത്ത് വച്ച് പിടിപ്പിക്കും. തുടർന്ന് വളർച്ച എത്തുന്നത് വരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക കൂട്ടായ്മകൾക്ക് രൂപം നൽകി. സ്വന്തമായി ഇരുചക്രവാഹനങ്ങളുള്ള സംഘത്തിലെ അംഗങ്ങൾ വിത്തുകളുമായി അതത് പ്രദേശങ്ങളിലും എത്തിച്ചേരാൻ സൗകര്യമുള്ള ഇടങ്ങളിലും വിത്തും തൈകളും നട്ട് പിടിപ്പിക്കും. ഉദ്ഘാടനത്തിൽ സംസ്ഥാന കോ- ഓർഡനേറ്റർ രാജേഷ് നന്ദിയങ്കോട്, ഡോക്ടർ ഗിന്നസ് മാടസ്വാമി, ഡോക്ടർ ക്രിസ്റ്റി തുണ്ടിപ്പറമ്പിൽ, രാജു സേവ്യർ, മുബീൻ സലിം, അഷ്‌റഫ് മണിയാൻ കുടി, പാറത്തോട് ആന്റണി സുനിൽ പാറേമാവ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് വിത്ത് യാത്രയുടെ ഇടുക്കി ജില്ലാ കോ- ഓർഡിനേറ്റർ പി.എൽ നിസാമുദ്ദീൻ അറിയിച്ചു.