prasanth
പ്രശാന്ത്

അടിമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്ന അടിമാലി പത്താംമൈൽ സ്വദേശി പ്രശാന്തിന് കൈതാങ്ങായി അടിമാലി ദേവിയാർ കോളനി വൊക്കേഷണൽ ഹയർസെക്കൻറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അടിമാലി ടൗണിൽ പൊതുധനശേഖരണം നടത്തി. ഈ മാസം ഒമ്പതിനായിരുന്നു പത്താംമൈൽ സ്വദേശിയും 32കാരനുമായ പ്രശാന്തിന് ചങ്ങനാശേരിയിൽ വച്ച് അവിചാരിതമായി ലോറിയുടെ മുകളിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ അരയ്ക്ക് താഴെ തളർന്ന പ്രശാന്തിന്റെ കഴുത്തിനും ഗുരുതര പരിക്കേറ്റു. ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് 10 ലക്ഷത്തോളം രൂപ ആവശ്യമായി വരും. നിർദ്ധനരായ പ്രശാന്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വലിയ തുക കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പത്താംമൈൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൈതാങ്ങുമായി രംഗത്തെത്തിയത്. പ്രശാന്തിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സുമനസുകൾ കൈകോർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ധ്യാപകനായ അനിൽ പറഞ്ഞു. പ്രശാന്തിനെ സഹായിക്കാൻ അടിമാലി മേഖലയിൽ നവമാധ്യങ്ങളിലൂടെയും യുവജനങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. പ്രശാന്തിനെ സഹായിക്കാൻ താത്പര്യമുള്ളവർ പ്രശാന്ത് എം.പി എന്ന പേരിൽ ഫെഡറൽ ബാങ്കിന്റെ അടിമാലി ശാഖയിലുള്ള 13640100096625 എന്ന അക്കൗണ്ട് നമ്പരിൽ പണം നിക്ഷേപിക്കാവുന്നതാണ്. വിവരങ്ങൾക്ക് 9447525758 എന്ന നമ്പരിൽ ബന്ധപ്പെടാം.