അടിമാലി: അയൽവാസിയായ സ്ത്രീയുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച അഞ്ച് പേർക്കൊപ്പം കള്ളപരാതിയാണെന്ന് പറഞ്ഞെത്തിയത് അമ്പതോളം പേർ. ഇന്നലെ രാവിലെ പത്ത് മണിയോടെ അടിമാലി പൊലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുറച്ച് പേർ തന്റെ കൃഷി നശിപ്പിക്കുന്നതായും വീടിനു നേരെ കല്ലെറിയുന്നതായും ഓടക്കാസിറ്റി സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് അഞ്ച് പേരെ വിളിപ്പിച്ചിച്ചിരുന്നു. എന്നാൽ അഞ്ച് പേർക്കൊപ്പം പഞ്ചായത്തംഗം ഉൾപ്പെടെ 50 പേരാണ് എത്തിയത്. യുവതി അയൽവാസികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. ഓടക്കാസിറ്റി- നായ്ക്കുന്ന് റോഡിലൂടെ ഒഴുകുന്ന മഴവെള്ളം വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ടാണ് യുവതിയും നാട്ടുകാരും തമ്മിൽ തർക്കം നിലനിൽക്കുന്നത്. മഴവെള്ളം സമീപവാസികൾ തന്റെ പുരയിടത്തിലേക്ക് തിരിച്ചുവിടുന്നുവെന്ന് യുവതിയും കാലങ്ങളായി മഴവെള്ളം ഒഴുകിയിരുന്ന ഓട യുവതി അടയ്ക്കാൻ ശ്രമിക്കുന്നുവെന്ന് നാട്ടുകാരും ആക്ഷേപം ഉന്നയിക്കുന്നു. വെള്ളമൊഴുകുന്നിടത്ത് പഞ്ചായത്ത് പൈപ്പ് സ്ഥാപിച്ച് നൽകാമെന്നറിയിച്ചിട്ടും പ്രശ്ന പരിഹാരത്തിന് യുവതി തയ്യാറാവുന്നില്ലെന്ന് പഞ്ചായത്തംഗം ആനീസ് ജോൺ പറഞ്ഞു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലെത്തിയ അഞ്ച് പേരിൽ നിന്ന് പൊലീസ് വിവരങ്ങൾ ആരാഞ്ഞു. ഇവർക്ക് പിന്തുണയുമായെത്തിയ നാട്ടുകാരിൽ നിന്നും വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജിയിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.