മുട്ടം: മലങ്കര ഡാമിന്റെ നാലാം നമ്പർ ഷട്ടർ മുപ്പത് സെന്റീമീറ്റർ ഉയർത്തി. ഇന്നലെ രാവിലെ എട്ടിനാണ് ഷട്ടർ തുറന്നത്. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനാലും വൃഷ്ടി പ്രദേശത്ത് മഴ കനത്തതുമാണ് ഷട്ടർ തുറക്കാൻ കാരണം. തിങ്കളാഴ്ച രാവിലെ ഷട്ടർ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ജില്ലാ കളക്ടറുടെ അനുമതി തിങ്കളാഴ്ച വൈകിട്ടോടെയാണ് ലഭിച്ചത്. 42 സെ മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ നിലവിൽ 40.42 മീറ്റർ ജലം ഉയർന്നിട്ടുണ്ട്. മഴയുടെ ശക്തി കൂടിയാൽ ഡാമിന്റെ മറ്റ് ഷട്ടറുകൾ തുറക്കുമെന്നും പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.