തൊടുപുഴ: ജില്ലയിൽ കാലവർഷം ശക്തമായി. മരം വീണ് തൃശൂർ സ്വദേശി മരിച്ചത് ഈ കാലവർഷത്തിലെ ആദ്യത്തെ ദുരന്തമായി. ഹൈറേഞ്ചിലെങ്ങും ഇന്നലെ ശക്തമായ കാറ്റും മഴയും ലഭിച്ചു. ഇടുക്കിയിൽ ഇന്നലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. പലയിടങ്ങളിലും കാറ്റത്ത് മരംവീണു നാശനഷ്ടമുണ്ടായി. ചിലയിടങ്ങളിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസം നേരിട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനിലേക്ക് മരകൊമ്പടക്കം വീണതിനെ തുടർന്ന് ഹൈറേഞ്ചിൽ വ്യാപകമായി വൈദ്യുതി മുടങ്ങി. സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളിലും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാൻ ഉടമസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം അനുസരിക്കാത്ത വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും അവരവരുടെ ഭൂമിയിലുള്ള മരംവീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും ഉത്തരവാദികളായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.