തൊടുപുഴ: അണക്കര മരിയൻ ധ്യാനകേന്ദ്രത്തെയും ഡയറക്ടർ ഫാദർ ഡൊമിനിക് വാളന്മനാലിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും മതപരമായി അവഹേളിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിയും ഹൈടൈക് സെൽ ഇൻസ്‌പെകടറും പരാതിയെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജൂലായ് രണ്ടിന് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ഫാദർ ഡൊമിനിക് വാളന്മനാൽ നടത്തിയ ബൈബിൾ കൺവെൻഷൻ ശുശ്രൂഷകളുടെ വീഡിയോയിൽ വ്യാജമായ സംഭാഷണങ്ങൾ എഡിറ്റ് ചെയ്ത് ചേർത്ത് ഫേസ്ബുക്ക്, യുട്യൂബ്, വാട്ട്സ്ആപ്പ്, ബ്ലോഗ്, ഓൺലൈൻ സൈറ്റുകൾ തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്കും ഹൈടൈക് സെൽ ഇൻസ്‌പെക്ടർക്കും ധ്യാന കേന്ദ്രം പരാതി നൽകിയിരുന്നു.