medical-camp
മൂലത്തുറയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ്.

രാജാക്കാട്: കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ച പൂപ്പാറ മൂലത്തുറയിൽ ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തി. നൂറുകണക്കിന് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മൂലത്തറ കോളനിയോട് ചേർന്ന പ്രദേശമാണിവിടം. യുവാവിന്റെ മരണത്തെ തുടർന്ന് ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് ശാന്തൻപാറ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സെബീനയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തിയത്. താമസ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, പകർച്ച വ്യാധികൾ പിടിപെടാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്കരണവും മരുന്ന് നൽകലും നടത്തി. സെന്റ് ആന്റണീസ് എസ്റ്റേറ്റ് ജീവനക്കാരൻ അസാം ഗോൽഘട്ട് മേരപാനി സ്വദേശി ടിലു റാം സോനോവാൾ (23) ശനിയാഴ്ചയാണ് മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിക്കുകയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് വിദഗ്ദ്ധ ചികിസയ്ക്കായി കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ മാർഗമദ്ധ്യേ മരിക്കുകയായിരുന്നു. സഹ ജോലികാരായ രണ്ട് യുവാക്കൾക്ക് പനി ബാധിച്ചിരുന്നു. തുടർന്ന് ആരോഗ്യകേന്ദ്രം അധികൃതർ എസ്റ്റേറ്റ് ലയവും കോളനിയും സന്ദർശിക്കുകയും അനാരോഗ്യകരമായ ചുറ്റുപാടുകൾ നിലനിൽക്കുന്നതായി മനസിലാക്കുകയും ചെയ്തിരുന്നു. എച്ച്.ഐ ഷാഫി, ജെ.എച്ച്.ഐ മുരുകൻ, ജെ.പി.എച്ച്.എൻ റെനി, ആശാപ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.