തൊടുപുഴ: വനം വകുപ്പിന്റെ തെറ്റായ നയം മൂലമാണ് മരം വീണ് ആളുകൾ മരിക്കുന്ന ദാരുണമായ സംഭവങ്ങൾ നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. മരം ഒടിഞ്ഞു വീണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇടുക്കിയിൽ ഇരുപതോളം പേരാണ് മരിച്ചത്. കാലപ്പഴക്കം ചെന്നതും ദ്രവിച്ചതുമായ മരങ്ങളാണ് ഇത്തരത്തിൽ കടപുഴകി വീഴുന്നത്. ഇത്തരം മരങ്ങൾ മുറിക്കാൻ വനം വകുപ്പ് അനുമതി നൽകിയിരുന്നെങ്കിൽ ദാരുണമായ സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. മനുഷ്യജീവന് വില കൽപ്പിക്കാതെ മുടന്തൻ നിയമങ്ങളുമായി വനം വകുപ്പ് കടുംപിടുത്തം പിടിക്കുകയാണ്. വനം വകുപ്പിന്റെ നിരുത്തരവാതപരമായ സമീപനം മാറ്റിയില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് തുടക്കം കുറിക്കുമെന്നും നിലവിൽ മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ വനം വകുപ്പ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന പാഴ്മരങ്ങൾ മുറിച്ചുമാറ്റാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വനം മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഡി.സി.സി കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.