ഇടുക്കി: ആനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ ലൈസൻസില്ലാത്ത ആനസഫാരി കേന്ദ്രങ്ങളുടെ പ്രവർത്തനം നിറുത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല നാട്ടാന പരിപാലന ജില്ലാ സമിതിയോഗം തീരുമാനിച്ചു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ആന സഫാരി നിയമവിധേയമാക്കിയില്ലെങ്കിൽ പ്രവർത്തനം നിരോധിക്കാനും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. അപകടം സംഭവിക്കുന്ന പാപ്പാന്മാർക്ക് യഥാസമയം ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ആന തൊഴിലാളി യൂണിയൻ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. പാപ്പാൻമാരെ മാറ്റുമ്പോൾ വനം വകുപ്പിനെ അറിയിക്കണമെന്നും ഇൻഷുറൻസ് യഥാസമയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അസിസ്റ്റന്റ്‌ ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) സാബി വർഗീസ്‌ യോഗത്തെ അറിയിച്ചു. ആന സഫാരി കേന്ദ്രങ്ങൾ നിയമപരമായി പ്രവർത്തിക്കുന്നതിന് അധികാരികൾ എതിരല്ലെന്നും എന്നാൽ ആനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ ലൈസൻസ് ലഭിക്കുന്നതുവരെ സഫാരികേന്ദ്രങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഇടുക്കി എസ്.പി.സി.എ എം.എൻ ജയചന്ദ്രൻ, എ.എച്ച്.ഡി ചീഫ്‌ വെറ്ററിനറി ഓഫീസർ ഡോ. ജിജിമോൻ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, ആനതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സന്തോഷ് ചിറക്കടവ്, ഷിബു പി.വി, ആനയുടമ സെക്രട്ടറി അൻസാരി വി.എം, ഡി.വൈ.എസ്.പി.ടി.എ ആന്റണി, ഇടുക്കി എസ്.പി.സി.എ ആർ. മോഹൻ എന്നിവർ സംസാരിച്ചു.