മൂലമറ്റം: മോഷ്ടിച്ച ബൈക്കുമായി ഇന്നലെ പുലർച്ചെ കെ.എസ്.ഇ.ബി കോളനിയിൽ സംശയാസ്പദമായി കണ്ടയാളെ നാട്ടുകാരും പൊലീസും ചേർന്നു പിടികൂടി. കടുത്തുരുത്തി മേമുറി കളപ്പുരതെക്കേതിൽ ജോസാണ് (19) പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന കടുത്തുരുത്തി സ്വദേശി ഷിന്റോ ഓടിരക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചിനാണ് മൂലമറ്റം കെ.എസ്.ഇ.ബി കോളനിയിൽ ജനവാസമില്ലാത്ത സ്ഥലത്ത് നമ്പർ പ്ലേറ്റ് ഒടിച്ചു മാറ്റിയ നിലയിൽ ബൈക്ക് കണ്ടത്. സംശയം തോന്നിയ കെ.എസ്.ഇ.ബി ജീവനക്കാർ ബൈക്കിന്റെ ടയറിന്റെ കാറ്റ് കുത്തിക്കളഞ്ഞു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ ആളില്ലാത്ത തക്കം നോക്കി ബൈക്കുമായി മോഷ്ടക്കൾ ഇവിടെ നിന്ന് കടന്നു കളഞ്ഞു. പിന്നീട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഇവരെ മൂലമറ്റം പെട്രോൾ പമ്പിനു സമീപമുള്ള ടയർ കടയിൽ കണ്ടെത്തി. പൊലീസിനെ കണ്ടയുടനെ രണ്ടു പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജോസിനെ പിടികൂടി. ഷിന്റോയ്ക്കുവേണ്ടി തിരച്ചിൽ നടത്തുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബൈക്ക് ഏറ്റുമാനൂരിൽ നിന്നു മോഷ്ടിച്ചതാണെന്ന് ഇവർ സമ്മതിച്ചു. കാഞ്ഞാർ എസ്.ഐ ജോൺ സെബാസ്റ്റ്യനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.