കട്ടപ്പന: അംഗീകാരത്തിന്റെ കാര്യത്തിൽ തീരുമാനം വൈകുമ്പോഴും പ്രവർത്തന മികവുമായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം. ആശുപത്രിയിൽ കൈമുട്ട് വേദനയും അനക്ക കുറവും മൂലം പ്രവേശിപ്പിച്ച രോഗിക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി പ്രശ്നത്തിന് കാരണമായ ലൂസ് ബോഡികൾ വിജയകരമായി നീക്കി. അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർമാരായ സേതു ശിവൻ, അനിലാബ് അലക്സ്, സോണി സക്കറിയ, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരായ അതുൽ, റ്റെജി എന്നിവരുടെ സംഘമാണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇടുക്കി സ്വദേശി ദിവാകരന്റെ (65) കൈമുട്ടിലാണ് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയത്. ഈ ഡോക്ടർമാരുടെ ടീം തന്നെ മൂന്ന് ആഴ്ച മുമ്പ് മറ്റൊരു രോഗിയിൽ കാൽമുട്ടിൽ വിജയകരമായ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. 20 ദിവസങ്ങൾക്ക് മുമ്പ് മാവേലിക്കര സ്വദേശി ശ്രീഹരിയുടെ (18) ഇടത് കാൽമുട്ടിനാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. പരാധീനതകളിൽ വീർപ്പുമുട്ടുന്ന മലയോരത്തെ ആദ്യ സർക്കാർ മെഡിക്കൽ കോളേജിന് ഇത് ചരിത്ര നേട്ടമാണ്.