വണ്ണപ്പുറം: പട്ടാപ്പകൽ വണ്ണപ്പുറം ടൗണിലെ പലച്ചരക്ക് കടയിൽ നിന്ന് 14,000 രൂപ മോഷണം പോയി. ചൊവ്വാഴ്ച ഉച്ചയോടെ വണ്ണപ്പുറം 36 ജംഗ്ഷനിൽ ഉക്കിണി വീട്ടിൽ ഹസന്റെ പലചരക്ക് കടയിലാണ് മോഷണം നടന്നത്. കടയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഹസൻ ഉച്ചയ്ക്ക് സമീപത്തെ പള്ളിയിൽ പോയ സമയത്താണ്‌ മോഷണം നടന്നത്. കാളിയാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം വണ്ണപ്പുറം ടൗണിലുള്ള ബാങ്കിന്റെ എതിർവശത്ത് നിറുത്തിയിട്ടിരുന്ന സ്വകാര്യ വ്യക്തിയുടെ വാഹനത്തിൽ നിന്ന് 15,000 രൂപ മോഷ്ടിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും ഇതുവരെ പിടികൂടാനായില്ല.