hanumanth
ഹനുമന്തിനോടൊപ്പം ഭാര്യയും മകളും

ചെറുതോണി: വാഹനാപകടത്തെ തുടർന്ന് നഷ്ടമായ സംസാര ശേഷി പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിലെ ചികിത്സയിൽ യുവാവിന് തിരികെ കിട്ടി. ഹൈദരാബാദ് സ്വദേശിയായ ഹനുമന്ദിനാണ് (36) ആയുർവേദ ചികിത്സയുടെ മേന്മ തിരിച്ചറിഞ്ഞത്. ശരീരം മുഴുവൻ തളർന്ന് സംസാരശേഷി പൂർണ്ണമായി നഷ്ടപ്പെട്ട് പോയിരുന്ന ഹനുമന്ദ് ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ വരികയാണ്. പല പ്രശസ്ത ആശുപത്രികളിലും നിരവധി ശസ്ത്രക്രിയകളടക്കം നടത്തിയിട്ടും ഒരു പുരോഗതിയും ഉണ്ടാകാത്ത ഹനുമന്ദിന് ആയുർവേദ ആശുപത്രിയിലെ ചികിത്സയാണ് ഫലപ്രാപ്തിയിൽ എത്തിച്ചതെന്ന് ഭാര്യ ലാവണ്യ പറഞ്ഞു. ഡോ. ക്രിസ്റ്റി ജെ. തുണ്ടിപ്പറമ്പിൽ, ഡോ. ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാല് മാസമായി ഹനുമന്ദിനെ ചികിത്സിച്ചത്. ചികിത്സയ്ക്ക് ആവശ്യമായ നിരവധി മരുന്നുകൾ ഇടുക്കിയിലെ വനമേഖലകളിൽ നിന്ന് ലഭിച്ചു. മറ്റൊരിടത്തും ലഭിക്കാത്ത പരിഗണനയാണ് ഇവിടെ നിന്ന് ലഭിച്ചതെന്നും അവർ പറഞ്ഞു. ധാര, കിഴി, പിഴിച്ചിൽ, ഫിസിയോത്തറാപ്പി എന്നിവയിലൂടെ ശരീരത്തിന്റെ ചലനശേഷി തിരികെ കിട്ടി. കൈകാലുകൾ ചലിപ്പിക്കാനും ഭക്ഷണം ട്യൂബ് വഴിയായിരുന്നത് ഒഴിവാക്കാനും സാധിച്ചു. ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഹനുമന്ദിന്റെ ഭാര്യ ലാവണ്യയും മകൾ സായ് പല്ലവിയും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകും. തുടർ ചികിത്സയ്ക്കായി വീണ്ടും ഇവിടേക്ക് എത്തുമെന്ന് കുടുംബം പറഞ്ഞു.