തൊടുപുഴ: മഴയ്ക്കൊപ്പമെത്തുന്ന ശക്തമായ കാറ്റിൽ ജില്ലയിൽ ഇന്നലെയും പരക്കെ നാശനഷ്ടമുണ്ടായി. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വിവിധിയിടങ്ങളിൽ കാറ്റിൽ വ്യാപകമായി മരങ്ങൾ വീണു. സംസ്ഥാന പാതകളിലടക്കം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകളിലേക്ക് മരം വീണതിനെ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. കുമാരമംഗലം, പുറപ്പുഴ, കരിങ്കുന്നം, ആലക്കോട് പഞ്ചായത്തുകളിലാണ് കാറ്റ് നാശം വിതച്ചത്. ഇന്നലെ ഉച്ചയോടെയും വൈകീട്ടോടെയുമാണ് മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയത്. പുറപ്പുഴ- വഴിത്തല, നെടിയശാല- പുറപ്പുഴ, പുറപ്പുഴ- പുത്തൻപള്ളി റോഡുകളിലും മരംവീണു. മൂലമറ്റം- കട്ടപ്പന സംസ്ഥാന പാതയിൽ മ്രാല ഭാഗത്തും മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അഞ്ചിരി, തലയനാട് ഭാഗങ്ങളിലും റോഡിലേക്ക് മരംവീണു. തൊടുപുഴ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റിന്റെ പരിശ്രമഫലമായി വേഗം തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. തൊടുപുഴ- ഏഴല്ലൂർ റോഡിൽ വലിയമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കല്ലൂർക്കാട് നിന്ന് അഗ്നിരക്ഷാസേനയെത്തി മരംവെട്ടി മാറ്റുകയായിരുന്നു.
ഇന്നലെ പെയ്ത മഴ
ജില്ലയിൽ ഇന്നലെ പെയ്തത് 13.48 മില്ലിലിറ്റർ മഴ. ബുധനാഴ്ച രാവിലെ എട്ട് മുതൽ ഇന്നലെ രാവിലെ എട്ട് വരെയുള്ള കണക്കാണിത്.
താലൂക്ക് തല കണക്ക് മില്ലിലിറ്റർ തോതിൽ- തൊടുപുഴ- 13.8, ഉടുമ്പഞ്ചോല 3.4, പീരുമേട്- 25, ദേവികുളം- 13.2, ഇടുക്കി- 12.