തൊടുപുഴ: പലവിധ കാരണങ്ങൾ പറഞ്ഞ് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനെതിരെ പ്രതിഷേധം. എട്ട് മാസത്തോളമായി മകളുടെ പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കിൽ കയറിയിറങ്ങിയ പെരുമ്പിള്ളിച്ചിറ ചൂരത്തൊട്ടിയിൽ സി.എ മുഹമ്മദാണ് തൊടുപുഴ കരൂർ വൈശ്യ ബാങ്കിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ലോൺ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദിന് പിന്തുണയുമായി എസ്.എഫ്.ഐ പ്രവർത്തകരും ബാങ്കിന് മുന്നിൽ നിലയുറപ്പിച്ചു. തുടർന്ന് തൊടുപുഴ സി.ഐയുടെ നേൃത്വത്തിൽ മൂന്ന് വണ്ടി പൊലീസ് ബാങ്കിലെത്തി പ്രശ്നം ഇന്ന് മാനേജരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. മംഗലാപുരത്ത് ആയുർവേദ മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനിയായ മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ബാങ്കിന്റെ തൊടുപുഴ ശാഖയിൽ കഴിഞ്ഞ നവംബറിലാണ് വായ്പയ്ക്ക് മുഹമ്മദ് അപേക്ഷ നൽകിയത്. ബാങ്ക് ആവശ്യപ്പെട്ടതു പ്രകാരമുള്ള രേഖകളെല്ലാം പലഘട്ടങ്ങളിലായി സമർപ്പിച്ചിരുന്നു. ജാമ്യക്കാരനെ നൽകിയാൽ ഏഴു ലക്ഷം രൂപ വായ്പ അനുവദിക്കാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് ജാമ്യക്കാരനെ നൽകുകയും ചെയ്തു. കോളേളിൽ ഒരു വർഷം 3.5 ലക്ഷം രൂപയാണ് ഫീസ് ഘടന. ഇത്രയും തുക ഒന്നിച്ച് അടയ്ക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനാൽ രണ്ട് ഗഡുവായി അടയ്ക്കാൻ കോളജ് അധികൃതർ അനുവാദം നൽകിയിരുന്നു. ഇതനുസരിച്ച് 1.65 ലക്ഷം രൂപ അടച്ചു. എന്നാൽ ഈ വർഷത്തെ ഫീസിന്റെ രണ്ടാം ഘടു കൂടി അടച്ച ശേഷം അടുത്ത നവംബറിൽ ലോൺ അനുവദിക്കാമെന്നാണ് ബാങ്ക് അധികൃതർ പറയുന്നതെന്ന് മുഹമ്മദ് പറഞ്ഞു. ബാങ്കിന്റെ റീജിയണൽ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു വ്യവസ്ഥയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് മുഹമ്മദ് പറഞ്ഞു. ഇക്കാര്യം തൊടുപുഴ ശാഖയിലറിയിച്ചിട്ടും വായ്പ അനുവദിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി എത്തിയതെന്ന് മുഹമ്മദ് വ്യക്തമാക്കി. ക്ലാസ് തുടങ്ങി എട്ടുമാസമായിട്ടും കോളജിലെ ഫീസ് അടയ്ക്കാത്തതിനാൽ മകൾ മാനസിക വിഷമത്തിലാണെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ മുഹമ്മദിന്റെ മകളുടെ വിദ്യാഭ്യാസ വായ്പയ്ക്കായുള്ള അപേക്ഷയിൽ തുടർ നടപടികൾ നടന്നു വരികയാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്നു തീരുമാനം ഉണ്ടാകുമെന്നും ശാഖാ മാനേജർ ബിബിൻ ജോർജ് പറഞ്ഞു.