കുടയത്തൂർ: കോളപ്ര പാലത്തിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് പണിമുടക്കി.ഇതോടെ വീതി കുറവുള്ള പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും ഒരേ സമയം കടന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവർമാർ തമ്മിലുള്ള തർക്കവും പതിവായി.ഇരു വശങ്ങളെയും അപേക്ഷിച്ച് പാലത്തിന്റെ മദ്ധ്യ ഭാഗം ഉയർന്നിരിക്കുന്നതിനാൽ ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പാലത്തിന്റെ മദ്ധ്യ ഭാഗത്ത് എത്തുമ്പോഴാണ് പരസ്പരം കാണാൻ കഴിയുന്നത്.ഇരു വശത്ത് നിന്നും പാലത്തിന്റെ മദ്ധ്യ ഭാഗത്ത് എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ആരും തന്നെ തങ്ങളുടെ വാഹനങ്ങൾ പിന്നിലേക്ക് മാറ്റാൻ തയ്യാറാകില്ല, ഇക്കാരണത്താലാണ് ഡ്രൈവർ മാർ തമ്മിൽ തർക്കങ്ങൾ ഉണ്ടാവുന്നതും.രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം പാലത്തിലൂടെ ഇരു ദിശകളിലേക്ക് പോകുവാനുള്ള വീതിയുമില്ല.ഇതിന് പരിഹാരമായിട്ടാണ് പാലത്തിൽ പഞ്ചായത്ത് സിഗ്നൽ ലൈറ്റ് ഘടിപ്പിച്ചത്.മൂന്നര ലക്ഷത്തോളം രൂപ മുടക്കിസ്ഥാപിച്ച ലൈറ്റ് പലപ്പോഴും കേടാകുന്ന സ്ഥിതിയാണ് നില നിൽക്കുന്നതും.സോളാർ സംവിധാനത്തിലാണ് ലൈറ്റ് പ്രവർത്തിക്കുന്നത്. ലൈറ്റ് പ്രവർത്തിക്കാത്ത സമയത്ത് പരസ്പരം അറിയാതെ വാഹനങ്ങൾ ഇരു ദിശയിൽ നിന്നും ഒരേ സമയം പാലത്തിൽ കയറുന്നു.ഇരു വശങ്ങളിൽ നിന്നും ഒരേ സമയം പാലത്തിൽ പ്രവേശിച്ച വാഹനങ്ങളിൽ ഒരു വശത്തുള്ള വാഹനം പിന്നോട്ട് എടുക്കാതെ മറ്റുള്ളവയ്ക്ക് കടന്നു പോകാൻ കഴിയാതെയും വരുന്നു.പാലത്തിന് നടുവിൽ വാഹനങ്ങൾ നിർത്തിയിട്ടാണ് ഡ്രൈവർമാരും ചിലയവസരങ്ങളിൽ വാഹനത്തിൽ വന്ന യാത്രക്കാരും തമ്മിൽ വാക്കുതർക്കം നടക്കുന്നതും. ഡ്രൈവർമാർ തമ്മിലുള്ള തർക്കം ചിലയവസരങ്ങളിൽ ഏറെ സമയം നീണ്ട് നിൽക്കുകയും പാലത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാവുകയും ചെയ്യും.സിഗ്നൽ ലൈറ്റ് ഉർൻ നന്നാക്കി സുഗമമായ ഗതാഗതം സാദ്ധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
-പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റ് സോളാർ സംവീധാനത്തിലാണ് പ്രവർത്തിക്കുന്നത്.
ലൈറ്റ് മിക്കപ്പോഴും കേടാവുന്നു എന്നുളള ജനത്തിന്റെ പരാതി ശരിയാണ് ലൈറ്റ് നന്നാക്കിയാൽ ഏതാനും ദിവസം കഴിയുമ്പോൾ പിന്നേയും കേടാവുകയാണ്.ലൈറ്റ് മൊത്തത്തിൽ
നവീകരിക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് ഈ വർഷം പ്രോജക്ട് നൽകിയിട്ടുണ്ട് - പുഷ്പ വിജയൻ,പ്രസിഡൻ്റ് ,കുടയത്തൂർ പഞ്ചായത്ത്