അടിമാലി: അടിമാലി മന്നാങ്കാലായിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസനവകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും മലിന ജലം പുറത്തേക്കൊഴുകുന്നതായി പ്രദേശവാസികളുടെ പരാതി.വിവിധ ആദിവാസി മേഖലയിൽ നിന്നുള്ള കുട്ടികൾ താമസിച്ച് പഠനം നടത്തുന്ന ഇടമാണ് പട്ടികവർഗ്ഗ വികസനവകുപ്പിന് കീഴിലുള്ള മന്നാങ്കാലയിലെ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റൽ.ഹോസ്റ്റലിനുള്ളിലെ ശുചിത്വമില്ലായ്മ സംബന്ധിച്ച് ഏതാനും നാളുകൾക്ക് മുമ്പ് കുട്ടികൾ പരാതി നൽകുകയും അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തുകയും കുട്ടികളുടെ ദുരിതം നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു.സംഭവത്തിന് ശേഷം ഒരു വർഷത്തോളം പിന്നിടുമ്പോഴാണ് ഹോസ്റ്റലിൽ നിന്നും മലിന ജലം പുറത്തേക്കൊഴുകുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നിട്ടുള്ളത്.ശുചിമുറി മാലിന്യം അടക്കം സമീപത്തെ ഓടകളിലേക്കും തോട്ടിലേക്കും പരക്കുന്നുവെന്ന സംശയം നാട്ടുകാർ മുമ്പോട്ട് വയ്ക്കുന്നുണ്ട്.ഓടകളിൽ കെട്ടികിടക്കുന്ന ജലത്തിൽ നിന്നും അസഹനീയ ദുർഗന്ധം വമിക്കുന്നതാണ് സംശയത്തിന് ഇടവരുത്തുന്നത്.പകർച്ചവ്യാധികൾ സംബന്ധിച്ച ആശങ്കയും സമീപവാസികൾക്കിടയിലുണ്ട്.