blood-bank
ക്വാട്ടേഴ്സ് ആയി പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിക്കായി പണിത ബ്ലഡ് ബാങ്ക് കെട്ടിടം

അടിമാലി: അടിമാലി ബ്ളഡ് ബാങ്കിനുള്ള കാത്തിരിപ്പിന് കാൽ നൂറ്റാണ്ട് പിന്നിടുന്നു. 25 വർഷങ്ങൾക്ക് മുൻപ് അന്നത്തെ ആരോഗ്യ മന്ത്രി വി.എം സുധീരൻ അടിമാലി താലൂക്ക് ആശുപത്രിക്കായി ബ്ലഡ് ബാങ്ക് അനുവദിക്കുകയുണ്ടായി. തുടർന്ന് 1985 ൽ ആര്യാടൻ മുഹമ്മദ് പുതിയ ബ്ലഡ് ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു. എന്നാൽ ആരോഗ്യ വകുപ്പ് ബ്ലഡ് ബാങ്കിന് സൗകര്യപ്രദമല്ല പുതിയതായി നിർമ്മിച്ച കെട്ടിടം എന്ന് വിലയിരുത്തി ബ്ലഡ് ബാങ്കിനായി അനുവദിച്ച ഉപകരണങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കെട്ടിടം ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്സ് ആക്കി മാറ്റി.

ഹൈറേഞ്ച് മേഖലയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലം അടിമാലിയും പരിസര പ്രദേശങ്ങളുമാണ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ എറ്റവും കൂടുതൽ കടന്നു പോകുന്നത് അടിമാലി വഴിയാണ്. അതുപോലെ ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് അടിമാലി താലൂക്ക് ആശുപത്രിയിലാണ്.ഇവിടെ ദിവസേന രക്തം ആവശ്യമായി വരുമ്പോൾ അടിമാലിയിലെ വിവിധ സാമൂഹ്യ സംഘടനകളുടെ വാട്ട്സപ്പ് കൂട്ടായ്മയാണ് പൊതുജനത്തിന് സഹായമായി എത്തുന്നത്. രക്തം ക്രോസ് മാച്ച് ചെയ്യുന്നതിന് സൗകര്യം താലൂക്ക് ആശുപത്രിയിൽ ഇല്ല. തോട്ടം തൊഴിലാളികളും ആദിവാസി വിഭാഗവും ഏറ്റവും കൂടുതൽ ചികിത്സ തേടി എത്തുന്ന അടിമാലി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിക്കണമെന്ന ആവശ്യം ഇപ്പോഴും തുടരുകയാണ്.