മുട്ടം: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാഞ്ഞാർ, കൂവപ്പള്ളി, ഇലവീഴാപൂഞ്ചിറ റോഡിന്റെ ടാറിങ്ങ് ആരംഭിച്ചപ്പോൾ നാട്ടുകാർ ഏറെ സന്തോഷിച്ചു.എന്നാൽ മഴക്കാലത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ടാറിങ്ങ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പലയിടത്തും പൊളിഞ്ഞു തുടങ്ങി.ചെളി കുഴഞ്ഞ് കിടക്കുന്നതിനു മുകളിലാണ് പലയിടത്തും ടാറിങ്ങ് ചെയ്തത്.നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച റോഡ് പണി നീണ്ട് പോയതോടെ ഫണ്ട് ലഭ്യമാവുന്നതിന് തടസവുമായി.പിന്നീട് വർഷങ്ങളോളം ദുരിതവഴി താണ്ടിയാണ് പൂഞ്ചിറ, ചക്കിക്കാവ് നിവാസികൾ ഇതിലൂടെ സഞ്ചരിച്ചിരുന്നത്.നിരവധി സമ്മർദ്ദങ്ങളുടെ ഫലമായി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ തുടർ പണികൾ ഏറ്റെടുത്തു.എന്നാൽ റോഡ്‌ പണി ഒച്ച് ഇഴയുന്നതു പോലെയാണെന്നും റോഡിന്റെ അവസാന ഭാഗത്ത് പണികൾ നടത്തിയത് നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണെന്നും തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു.വലിയ കയറ്റവും വളവുകളുമുള്ള റോഡിൽ നിലവാരമില്ലാതെ ചെയ്ത ടാറിങ്ങ് മഴക്കാലം ആരംഭിച്ചതോടെ തകരാനുള്ള സാധ്യതയും ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നു.അഞ്ചര മീറ്റർ ടാർ ചെയ്യേണ്ടിടത്ത് പല സ്ഥലത്തും ഈ അളവ് പാലിച്ചിട്ടുമില്ല.വെള്ളം കെട്ടിക്കിടന്നതിന്റെ മുകളിലും ടാറിങ്ങ് നടത്തി പണി വേഗം പൂർത്തിയാക്കി ബില്ല് മാറിയെടുക്കുവാനുള്ള നീക്കമാണ് അധികൃതർ നടതിയതെന്നും പ്രദേശ വാസികൾ പറയുന്നു.എഞ്ചിനീയർമാരുടെ സാന്നിധ്യത്തിൽ നടക്കേണ്ട ടാറിങ്ങ് ഇവരുടെ സാന്നിധ്യമില്ലാതെയുമാണ് നടത്തിയത്.ഈ വർഷത്തെ മഴക്കാലം ഇലവീഴാപൂഞ്ചിറ റോഡിന്റെ ടാറിഗ് അതിജീവിക്കുമോ എന്നതും ജനം സംശയിക്കുന്നു. പലയിടത്തും ഒരാഴ്ച കഴിഞ്ഞതോടെ ടാറിങ്ങ് ഇളകി അടിയിലെ ചെളി പുറത്ത് കണ്ടു തുടങ്ങി. വേണ്ട വിധം സോളിങ് നടത്തി അത് ഉറപ്പിക്കാതെയാണ് അതിനു മേൽ തീരെ കനം കുറച്ച് ടാർ ചെയ്തിട്ടുള്ളത്.വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ ഉള്ള പ്രദേശമാണ് കോട്ടയം ഇടുക്കി ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ഇലവീഴാ പൂഞ്ചിറ.