ചെറുതോണി: പ്രളയത്തിൽ തകർന്ന റോഡിലൂടെയുള്ള വാഹന യാത്ര അപകടക്കെണിയാകുന്നു. മക്കുവള്ളി, മനയത്തടം, കൈതപ്പറ നിവാസികൾക്കാണ് ഈ കാലവർഷവും ദുരിതയാത്രയാകുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ നാലു വശങ്ങളും വനത്താൽ ചുറ്റപ്പെട്ട മക്കുവള്ളി, മനയത്തടം, കൈതപ്പാറ, നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എക റോഡാണ് പ്രളയക്കെടുതിയിൽ തകർന്ന് പത്ത് മാസം കഴിഞ്ഞിട്ടും പുനർനിർമ്മിക്കാത്തത്. കഴിഞ്ഞ പ്രളയകാലത്ത് കോൺക്രീറ്റ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിന്റെ പകുതി ഭാഗം ഇടിഞ്ഞു പോയിരുന്നു. ഇതുവഴി ജീപ്പുകൾ മാത്രം കടന്നു പോകുന്ന ഈ വഴിയിൽ ജീവൻ പണയം വച്ചു വേണം വാഹനയാത്ര നടത്താൻ . ഇടിഞ്ഞ റോഡിന്റെ ബാക്കി ഭാഗവും എതുസമയവും നിലം പൊത്താറായ അവസ്ഥയിലാണ്. കഷ്ടിച്ച് ഒരു വാഹനം മാത്രം കടന്നു പോകാൻ സാധിക്കുന്ന ഇവിടെ മുന്നൂറോളം കുടുബങ്ങൾക്കും വിദ്യാർത്ഥികൾക്കും കഞ്ഞിക്കുഴിയിൽ എത്താനുള്ള ഏക സഞ്ചാര മാർഗം കൂടിയാണ്.
ഉന്നത വിജയത്തിന് പ്രത്യേക പ്രോത്സാഹനം
ഇടുക്കി: അവസാന വർഷ പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പ്രോത്സാഹനത്തിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ ജാതി, മാർക്ക് ലിസ്റ്റുകളുടെ/ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകർപ്പ് സഹിതം റിസൾട്ട് അറിഞ്ഞ് ഒരു മാസത്തിനകം വിദ്യാർത്ഥി പഠിച്ച സ്ഥാപന പരിധിയിലുള്ള ബ്ലോക്ക്/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. വിദ്യാർത്ഥികൾ ജില്ലയിലെ സ്ഥാപനങ്ങളിൽ പഠിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
ഇടുക്കി: അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ 8, 9, 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂട്ടോറിയലിൽ ചേർന്ന് പഠിക്കുന്നതിനും 10, 12 ക്ലാസുകളിലും ഡിഗ്രി കോഴ്സുകളിലും പരാജയപ്പെട്ടവർക്ക് പാരലൽ കോളേജിൽ ചേർന്ന് പഠിക്കുന്നതിനും ട്യൂഷൻഗ്രാന്റ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി 40,000 രൂപ. അപേക്ഷകൾ അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലും അടിമാലി, മറയൂർ, മൂന്നാർ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും 29നകം സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 04864 224399.