അടിമാലി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നൂറുകണക്കിന് മരങ്ങൾ നിൽക്കുമ്പോൾ ഒരുതരത്തിലും അപകടകരമല്ലാതെ തണലേകിയിരുന്ന ആറ് അത്തിമരങ്ങൾ മുറിച്ചുനീക്കി. അടിമാലി താലൂക്ക് ആശുപത്രി ക്വാർട്ടേഴ്സ് പരിസരത്ത് നിന്നിരുന്ന അത്തിമരങ്ങളാണ് കഴിഞ്ഞദിവസം മുറിച്ചത്. ക്വാട്ടേഴ്സുകൾക്ക് മുമ്പിൽ വാഹന പാർക്കിംഗിന് ഇടമൊരുക്കാനാണ് മരങ്ങൾ മുറിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ലോകപരിസ്ഥിതിദിനാചരണം കഴിഞ്ഞ് കൃത്യം പത്തിന് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് പരിസ്ഥിതിക്കും തണൽമരങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകി സമൂഹത്തിന് മാതൃകയാവേണ്ടവർ തന്നെ ഈ കൃത്യം ചെയ്തത്ത്. പൊരിവെയിലത്ത് ക്വാട്ടേഴ്സുകളിൽ ഡോക്ടർമാരെ കാണാൻ എത്തിയിരുന്ന രോഗികൾക്ക് ഈ അത്തിമരങ്ങൾ വലിയ ആശ്വാസമായിരുന്നു. കാലങ്ങളായി ക്വാട്ടേഴ്സ് പരിസരത്ത് യാതൊരു വിധ അപകടഭീഷണിയുമുയർത്താതെ നിന്നിരുന്ന മരങ്ങൾ എന്തിന് വെട്ടിനശിപ്പിച്ചെന്നാണ് ചോദ്യമുയരുന്നത്.