അടിമാലി: മഴക്കാലമമെത്തിയതോടെ ആദിവാസി മേഖലയിലയായ കുരങ്ങാട്ടിയിലേക്കുള്ള റോഡ് പൂർണമായി തകർന്നു. കുരങ്ങാട്ടി സർക്കാർ സ്‌കൂളിന് സമീപത്തുള്ല റോഡിലെ കുഴിയിലൂടെ ചെറുവാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. പുഴപോലെ കിടക്കുന്ന ഈ വെള്ളക്കെട്ടിലിറങ്ങി വേണം കുട്ടികൾക്ക് സ്‌കൂളിലെത്താൻ. നാല് സ്വകാര്യ ബസുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്. റോഡ് കൂടുതലായി തകർന്നാൽ ഈ സർവീസുകൾ നിലയ്ക്കും. അടിമാലിയിൽ നിന്ന് കുരങ്ങാട്ടി വഴി മാങ്കുളത്തേക്ക് പുതിയ സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി ആലോചിച്ചിരുന്നെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ മൂലം ശ്രമം ഉപേക്ഷിച്ചു. മച്ചിപ്ലാവിൽ നിന്ന് നെല്ലിപ്പാറവരെ ഈ വർഷം ടാറിംഗ് ജോലികൾ നടത്തിയിരുന്നു. അടിമാലി അപ്സരകുന്ന് തലമാലി ജംഗ്ഷൻ വരെയും ഗതാഗതയോഗ്യമായ റോഡാണ്. ഇതിനിടയിലുള്ള ഭാഗമാണ് വർഷങ്ങളായി നിർമ്മാണം നടക്കാതെ കിടക്കുന്നത്. റോഡ് പൂർണമായും തകരുംമുമ്പെ അറ്റകുറ്റപണി ചെയ്യണമെന്ന് മാസങ്ങൾക്ക് മുന്നേ പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. കഴിഞ്ഞ ദിവസം പ്രതിഷേധസൂചകമായി നാട്ടുകാർ ചേർന്ന് റോഡിലെ വെള്ളക്കെട്ടിൽ വാഴ നട്ടു. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.