തൊടുപുഴ: പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക പ്രതിവിധിയെന്ന നിലയിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരികേരളം മിഷൻ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി എം.എം. മണി കാഞ്ഞാറിൽ വെള്ളിയാമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിക്കും. ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു അദ്ധ്യക്ഷയാവും. ജില്ലാ കളക്ടർ എച്ച്. ദിനേശ് മുഖ്യപ്രഭാഷണം നടത്തും. ഹരികേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെബർ സി.വി. സുനിത, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ, വൈസ് പ്രസിഡന്റ് വി.ജി. മോഹനൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ ഷീല, പ്രിൻസിപ്പൽ കൃഷി ഓഫിസർ ആൻസി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കാഞ്ഞാർ- ആനക്കയം റോഡിൽ മൂന്നേക്കറോളം വരുന്ന ഭൂമിയിലാണ് പച്ചത്തുരുത്ത് ഒരുക്കിയിരിക്കുന്നത്.