അടിമാലി: വായ്പ വാഗ്ദാനം ചെയ്ത് തൂക്കുപാലത്ത് സ്വയം സഹായ സംഘങ്ങളിൽ നിന്ന് കോടികൾ തട്ടിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ വർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അകത്തും പുറത്തും സമാനമായ തട്ടിപ്പുകൾ നടന്നു വരികയാണ്. നിലവിൽ പിടിയിലായിരിക്കുന്ന ചെറിയ കണ്ണികളിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമം. സംഭവത്തിൽ തൊണ്ടിമുതലായ പണം കണ്ടെത്തണം. തൊഴിലാളികളും വീട്ടമ്മമാരുമാണ് തട്ടിപ്പിന് ഇരയായത്. കേസ് അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം. പണം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിനായി 20ന് തൂക്കുപാലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ യോഗം ചേരും. പണം നഷ്ടപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തുന്നതിന് കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. പ്രസിഡന്റ് കെ. കുമാർ, അനിൽ കട്ടുപ്പാറ, അനീഷ് ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.