ചെറുതോണി: ഇടുക്കി താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി മേൽക്കൂര മാറ്റി റൂഫിംഗ് ഷീറ്റ് ഉപയോഗിച്ച് നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. ജനങ്ങൾക്കേറെ സൗകര്യപ്രദമായ നിലവിലുള്ള സ്ഥലത്തു തന്നെ ഓഫീസ് തുടരുന്നതിന് നടപടി സ്വീകരിക്കണമെന്നും അടിയന്തര നവീകരണത്തിന് ആവശ്യമായ തുക നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കാമെന്നും ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ എം.എൽ.എ അറിയിച്ചു. മെയിന്റനൻസ് നടക്കുന്ന സമയത്ത് ഓഫീസ് പ്രവർത്തിക്കുന്നതിനായി വാഴത്തോപ്പ് പഞ്ചായത്തിന്റെ അധീനതയിലുള്ള ചെറതോണി ടൗൺഹാൾ വിട്ടു നൽകാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, പഞ്ചായത്തംഗങ്ങളായ റോയി കൊച്ചുപുര, ഷിജോ തടത്തിൽ എന്നിവർ ചേർന്ന് തഹസീൽദാർക്ക് കത്ത് കൈമാറി. തുടർന്ന് ശനിയാഴ്ച ചേർന്ന താലൂക്ക് കമ്മിറ്റിയിൽ അടിയന്തര മെയിന്റനൻസിനായി ഓഫീസ് താത്കാലികമായി ചെറുതോണി ടൗൺ ഹാളിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു. രണ്ടു മാസത്തിനകം ഓഫീസ് തിരികെ എത്തിക്കത്തക്ക രീതിയിൽ അടിയന്തര പ്രാധാന്യത്തോടെയുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. ഓരോ നിയോജക മണ്ഡലങ്ങളിൽ നിന്നും എം.എൽ.എമാർക്ക് സാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ള പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി സംസ്ഥാന ബഡ്ജറ്റിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായും ഭൂമി ഉടമസ്ഥാവകാശം കൈമാറ്റം ചെയ്താൽ ഉടൻ തന്നെ വിവിധ ഓഫീസുകൾ ഒരു കുടക്കീഴിൽ എത്തിക്കത്തക്ക വിധം നവീന സൗകര്യങ്ങളോടെ ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു.