കട്ടപ്പന: അഞ്ചുരുളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് അധികാരികൾ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. ദിവസേന സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി വിനോദ സഞ്ചാരികളാണ് അഞ്ചുരുളിയിൽ എത്തുന്നത്. അവധി ദിവസങ്ങളിൽ ഇത് ഇരട്ടിയിലധികമാകും. എങ്കിലും മേഖലയിലെത്തുന്ന വിനോദ സഞ്ചാരികൾക്കാവശ്യമായ സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അധികൃതർ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നാണ് പരാതി. പ്രളയത്തിൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ മേഖലയിൽ ഉണ്ടായിരുന്നു. ഇപ്പോഴും പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. അഞ്ചുരുളി ടണൽ മുഖത്തേയ്ക്ക് സഞ്ചാരികൾ നടന്നെത്താൻ ഉപയോഗിക്കുന്ന പാതയിലടക്കമാണ് ഭീഷണിയുള്ളത്. കൂടാതെ പ്രളയ സമയത്ത് ടണലിൽ നിന്ന് പുറത്തേയ്‌ക്കെത്തുന്ന ജലത്തിന്റെ തോത് വർദ്ധിച്ചിരുന്നതിനാൽ ഇവിടെ സുരക്ഷാവേലി സ്ഥാപിച്ചിരുന്നു. പിന്നീട് ഇത് നീക്കം ചെയ്തു. കാലവർഷം കൂടുതൽ ശക്തമാകുന്നതോടെ നീരൊഴുക്ക് ഇനിയും വർദ്ധിക്കും. അത്തരം സാഹചര്യത്തിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി പ്രദേശത്ത് നിൽക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും അപകട സാഹചര്യങ്ങൾ ഒഴിവാക്കാനും ഡി.ടി.പി.സിയും ത്രിതല പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ടണൽ മുഖത്ത് നിന്ന് സഞ്ചാരികൾ കാൽ വഴുതിവീണ് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. സഞ്ചാരികൾക്ക് വേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നതിന് പോലും ഇവിടെ ആളില്ല. എന്നാൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്ന ദിവസങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഇത് ഏറെ പ്രയോജനകരവുമാണ്. എങ്കിലും ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് തന്നെ അധികൃതർ ഇടപെട്ട് സഞ്ചാരികൾക്ക് വേണ്ട സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം.