തൊടുപുഴ: 'ചേട്ടാ മത്തിക്ക് എന്താ വില?".

'കിലോ 250".

'ങേ, ഏത് നമ്മുടെ സ്വന്തം മത്തിക്കോ".

ഞെട്ടണ്ട, മത്തി മുതൽ ചൂര വരെ മീൻ ഏത് വാങ്ങിയാലും ഇപ്പോൾ സാധാരണക്കാരന്റെ കീശ കീറുന്ന അവസ്ഥയാണ്. ട്രോളിംഗ് നിരോധനം വന്നതുമുതൽ അൽപ്പം മീൻ കറി കൂട്ടി ചോറ് കഴിക്കാനുള്ള ആഗ്രഹം 'പൂച്ച കട്ടെടുത്ത മീൻ പോലെയായി." മലയാളിയുടെ പ്രിയ മീനായ മത്തി പലയിടത്തും ഇപ്പോൾ കിട്ടാനില്ല. ഉള്ളിടത്ത് 250ന് മുകളിലാണ് വില. ട്രോളിംഗ് നിരോധനം ആരംഭിച്ചതുമുതൽ മത്സ്യലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. അയല, ചൂര, ഏരി, കിളിമീൻ തുടങ്ങിയവയുടെയെല്ലാം വില ഇരട്ടിയിലധികമായി. സൈക്കിളിലും ബൈക്കിലും മറ്റും വീടുകൾ തോറും മീനുമായെത്തിയിരുന്നവർ പലരും കച്ചവടം നിറുത്തിവച്ചു. പൊള്ളും വില കാരണം സ്ഥിരം വാങ്ങിയിരുന്നവർക്ക് പോലും മീൻ വേണ്ടാതായതാണ് കാരണം. സ്ഥിരം മീൻകടകളിൽ മാത്രമാണ് ഇപ്പോൾ മത്സ്യം ലഭിക്കുന്നത്. ഇവിടെയും കച്ചവടം ഗണ്യമായി കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. പല ദിവസങ്ങളിലും ലേല കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന മീൻ പൂർണമായി വിറ്റഴിക്കാൻ കച്ചവടക്കാർക്കാകുന്നില്ല. ചെറുവള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്താമെങ്കിലും ഇപ്പോഴെത്തുന്ന മീനുകളിൽ പലതും ട്രോളിംഗ് നിരോധനത്തിന് മുമ്പ് പിടിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരുന്നവയാണെന്നും ആക്ഷേപമുണ്ട്. മീൻ കൂട്ടിയുള്ള ഊണ് നിലവിലെ വിലയ്ക്ക് കൊടുക്കാൻ മുതലാകില്ലെന്ന് ഹോട്ടൽ വ്യാപാരികളും പറയുന്നു.

മീൻ വില കിലോയിൽ

മത്തി- 230- 250

അയല- 240- 260 രൂപ

ചൂര- 300

ചെമ്മീൻ- 600

കിളി- 160- 180

വളർത്തു മത്സ്യത്തിനും വൻവില

കടൽ മത്സ്യങ്ങളുടെ വിലയ്ക്കൊപ്പം വളർത്തുമത്സ്യങ്ങളുടെ വിലയും കൂടി. കിലോയ്ക്ക് ശരാശരി 150- 200 രൂപയുണ്ടായിരുന്ന സിലോപ്പി, രോഹു, കട്‌ല എന്നിവയുടെ വില 250 രൂപയിലേറെയായി.

മീനേക്കാൾ ഭേദം ഇറച്ചി

മീനിന്റെ വില വച്ചുനോക്കുമ്പോൾ ഇറച്ചി വാങ്ങുന്നതാണ് ലാഭമെന്നാണ് കണക്കുകൾ പറയുന്നത്. ഒരു കിലോ മത്തിയുടെ വിലയ്ക്ക് പന്നിയിറച്ചി കിട്ടും. കിലോ 250 ൽ താഴെയാണ് വില. കിളിമീനിന്റെ വിലയ്ക്ക് കോഴിയിറച്ചി കിട്ടും. കിലോ 130 രൂപയിൽ താഴെയാണ് കോഴിക്ക് വില. പോത്തിറച്ചിക്കാകട്ടെ 300- 340 രൂപയാണ് വില.

ആശ്വാസം നാടൻ

കാലവർഷം ആരംഭിച്ചതോടെ നാട്ടിൻപുറങ്ങളിലെ തോടുകളിലും പുഴകളിലുമെല്ലാം ഊത്തപിടുത്തതിന്റെ ആഘോഷമാണ്. വരാലും മുഷിയും കുറുവയും കൂരിയും ആരോനുമെല്ലാം വൻതോതിലാണ് വലയിൽ കുരുങ്ങുന്നത്. ഇവ പിടിക്കുന്നിടത്ത് നിന്ന് തന്നെ നിരവധി പേരാണ് വാങ്ങികൊണ്ടുപോകുന്നത്. കടൽ മത്സ്യങ്ങളെ അപേക്ഷിച്ച് ഫ്രഷുമായിരിക്കും വിലയും കുറവായിരിക്കുമെന്നതാണ് മെച്ചം.