മറയൂർ: ഭർത്താവിന്റെ അമ്മയെയും അച്ഛനെയും വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച മരുമകളടക്കം മൂന്നു പേരെ മറയൂർ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നാർ പഞ്ചായത്തിൽ വാഗവുരൈ ബസാർ ഡിവിഷണൽ താമസം തവസി (55), ഭാര്യ ശെൽവി (52) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ 4.30നാണ് അക്രമം ഉണ്ടായത്. മൂന്നാർ പഞ്ചായത്തിലെ കന്നിമല എസ്റ്റേറ്റിൽ ലോവർ ഡിവിഷൻ താമസം രഞ്ജിത്തിന്റെ ഭാര്യ കാർത്തിക ദേവി (27), കാർത്തികയുടെ അമ്മ അന്നമരിയ (52) കാർത്തികയുടെ സഹോദരൻ അലക്സ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അലക്സിനെ മൂന്നാർ ടൗണിൽ നിന്ന് ശനിയാഴ്ച രാവിലെ ഏഴിനും മറ്റുള്ളവരെ വീട്ടിൽ നിന്ന് വെള്ളിയാഴ്ചയുമാണ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നമാണ് വഴക്കിൽ കലാശിച്ചത്. പ്രതികൾ വീടിന്റെ വാതിൽ തകർത്ത് തവസിയെയും ശെൽവിയെയും ആക്രമിക്കുകയും മൊബൈൽ ഫോണടക്കമുള്ള സാധനങ്ങൾ നശിപ്പിച്ചെന്നുമാണ് കേസ്. ശെൽവിയെ അലക്സ് ശാരീരികമായി ഉപദ്രവിച്ചതായും മൊഴി നൽകിയിട്ടുണ്ട്. മുമ്പും ഇവർ തമ്മിൽ പ്രശ്നങ്ങൾൾ ഉണ്ടായിട്ടുണ്ട്. മറയൂർ അഡീഷണൽ എസ്.ഐ വി.എം. മജീദ്, എ.എസ്.ഐ ടി.പി. ജൂഡി, ടി.എം. അബ്ബാസ്, ഷിഹാബുദ്ദീൻ, സൈനു. എം, കവിത. പി.കെ, നിഷാന്ത്, വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.