ഇടുക്കി: വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച അക്ഷയ സംരംഭകർക്കുള്ള ടാബ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എം.എം. മണി നിർവഹിച്ചു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷനായിരുന്നു. അക്ഷയ വഴി നടപ്പിലാക്കി വരുന്ന സേവനങ്ങൾ വിലപ്പെട്ടതാണെന്നും സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.എം. മണി പറഞ്ഞു. ആധാർ എന്റോൾമെന്റ്, അപ്‌ഡേഷൻ, ആശുപത്രിയിൽ പോയി നവജാത ശിശുക്കൾക്ക് ആധാർ എന്റോൾമെന്റ് നടത്തുക, ഡിജിറ്റൽ സാക്ഷരതാ പ്രചാരണ പരിപാടികൾ, ജീവൻ പ്രമാൺ, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ അക്ഷയ സംരംഭകർക്ക് സൗജന്യമായി ടാബ് വിതരണം ചെയ്യുന്നത്. മന്ത്രി എം.എം. മണി നറുക്കെടുത്ത അഞ്ച് അക്ഷയ സംരംഭകർക്ക് ടാബ് വിതരണം ചെയ്തു. സംരഭകർക്കായി അക്ഷയ സംസ്ഥാന കണ്ടന്റ് ഡെവലപ്‌മെന്റ് ഓഫീസർ ബിജു സി. മാത്യു സോഫ്‌റ്റ് സ്‌കിൽ പരിശീലനം നൽകി. ജില്ലാ പ്ലാനിംഗ് ഓഫീസർ ഷീല കെ.കെ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, അക്ഷയ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഷംനാദ് സി.എം എന്നിവർ സംസാരിച്ചു.