രാജാക്കാട്: തൂക്കുപാലത്ത് സ്വയം സഹായ സംഘങ്ങളിൽ നിന്ന് ഒരു കോടിയിലധികം തട്ടിയ കേസിൽ നെടുങ്കണ്ടം പൊലീസ് ഒന്നാം പ്രതി കുമാറിനായി പീരുമേട്, മൂലമറ്റം എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി ശാലിനി, മൂന്നാം പ്രതി മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. വായ്പക്ക് അപേക്ഷ നൽകിയവരിൽ നിന്ന് പ്രതികൾ കരസ്ഥമാക്കി വിവിധ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരുന്ന ചെക്ക് ലീഫുകളും മുദ്രപത്രങ്ങളും പൊലീസ് കണ്ടെത്തി. രണ്ടാം പ്രതി ശാലിനിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത 1.15 ലക്ഷം രൂപ മാത്രമാണ് പണമായി കണ്ടെത്താനായത്. ആലപ്പുഴ സ്വദേശിനിയായ ശാലിനിയുടെ ഭർത്താവ് ഒളിവിലാണ്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തൂക്കുപാലത്ത് പ്രവർത്തിച്ചിരുന്ന ഹരിത ഫൈനാൻസ് എന്ന സ്ഥാപനത്തിൽ വായ്പയ്ക്ക് അപേക്ഷിച്ചവരിൽ നിന്നാണു 1,​000 മുതൽ 25,​000 രൂപ വരെ വായ്പ നൽകുന്നതിനുള്ള പ്രോസസിംഗ് ഫീ ഇനത്തിൽ തട്ടിയെടുത്തത്. 24 സ്വയം സഹായ സംഘങ്ങളുടെ പരാതിയിൽ ഇതുവരെ 200 പേരുടെ പണം നഷ്ടപ്പെട്ടു. കൂടുതൽ വനിതാ സ്വയം സഹായ സംഘങ്ങൾ പരാതി നൽകാൻ എത്തുന്നുണ്ട്.