തൊടുപുഴ: വൈദ്യുതിയുടെ കാര്യത്തിൽ നഗരസഭയെ മാതൃകയാക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും സൗരോർജമാകുന്നു. ഏതാനും നാളുകൾക്ക് മുമ്പ് ഇതിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും ഇന്നലെയാണ് പൂർത്തിയായി സോളാർ പാനൽ പ്രവർത്തന സജ്ജമായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം സോളാർ പാനലിൽ നിന്നുള്ള വൈദ്യുതിയാണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ വിവിധ വിഭാഗങ്ങളിൽ ഉപയോഗിച്ച് വരുന്നത്. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ദൈനം ദിന ഉപയോഗത്തിനുള്ള വൈദ്യുതി ഉപയോഗിച്ച ശേഷം മിച്ചം വരുന്നത് കെ.എസ്.ഇ.ബിക്ക് വിൽക്കാനാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സേവന മേഖലയിൽ നിന്നുള്ള 15 ലക്ഷം രൂപയാണ് ഇതിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. പദ്ധതി നടത്തിപ്പിന്റെ ചുമതല കെൽട്രോണാണ് ഏറ്റെടുത്തിരിക്കുന്നത്. അഞ്ചു വർഷത്തേക്കുള്ള അറ്റകുറ്റപണികൾ കെൽട്രോണിന്റെ ഉത്തരവാദിത്തമായിരിക്കും. ഒരു മണിക്കൂറിൽ 15 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പാനലാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥർ എന്നിങ്ങനെ എമ്പതോളം പേരാണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്നത്.
മിച്ചം വരുന്നത് കെ.എസ്.ഇ.ബിക്ക് വിലയ്ക്ക് നൽകും
ബ്ലോക്ക് പഞ്ചായത്തിന് ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിലയ്ക്ക് നൽകാനാകുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ മേന്മ. ഒരു യൂണീറ്റിന് നാല് രൂപയ്ക്കാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകിയതിന്റെ കണക്ക് ഒരു വർഷം കൂടുമ്പോൾ തിട്ടപ്പെടുത്തും.