cow
പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിനെ വെറ്റിനറി സർജൻ പരിശോധിക്കുന്നു

മൂന്നാർ: മൂന്നാറിന് സമീപമുള്ള എസ്റ്റേറ്റുകളിൽ നിന്ന് പുലിപ്പേടി ഒഴിയുന്നില്ല. മൂന്നാറിനു സമീപമുള്ള എസ്റ്റേറ്റിലെ ഒരു പശുവിനെ കൂടി പുലി കടിച്ചു കൊന്നു. മൂന്നാർ ടൗണിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. കുറുമല സ്വദേശിയും എസ്റ്റേറ്റ് തൊഴിലാളിയുമായ ബാലശേഖറിന്റെ മൂന്നു മാസം പ്രായമായ പശുവിനെയാണ് പുലി കൊന്നത്. തേയിലത്തോട്ടത്തിൽ കൊളുന്തെടുക്കാൻ വന്ന തൊഴിലാളികളാണ് പശുവിന്റെ ജഡം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി മേൽനടപടികൾ സ്വീകരിച്ചു. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി ജഡം മറവു ചെയ്തു. പശു ചത്ത നിലയിൽ കിടന്ന സ്ഥലത്തിനടുത്തു തന്നെ പുലിയടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടെത്തി. മുമ്പ് മൂന്നാറിൽ വിദൂരത്തിലും ഒറ്റപ്പെട്ടും കഴിയുന്ന എസ്റ്റേറ്റുകളിലാണ് പുലിസാന്നിധ്യം കണ്ടെത്തിയിരുന്നത്. മൂന്നാർ ടൗണിനോട് ചേർന്നുള്ള എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടതോടെ തൊഴിലാളികൾ ആശങ്കയിലായിട്ടുണ്ട്. ഗുണ്ടുമല, തെന്മല, സൈലന്റ് വാലി, കുണ്ടള, ചെണ്ടുവര, മാട്ടുപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റുകളിലും മുമ്പ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.