മൂലമറ്റം: പുത്തേട് വഴി പുള്ളിക്കാനം വഴി വാഗമൺ പോകുന്ന ബസ് ഒരു മാസക്കാലമായി ഇത് വഴി സർവീസ് നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൂലമറ്റം- കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉപരോധിച്ചു. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നില നിന്നിരുന്നത്. മുടങ്ങിയ സർവീസ് ആരംഭിക്കാൻ നാട്ടുകാരും അറക്കുളം പഞ്ചായത്ത്‌ അംഗങ്ങളും കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ആർ.ടി.സി അധികൃതർ അതിന് തയ്യാറായില്ല. തുടർന്നാണ് സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.ഡി. സുമോൻ പുത്തേട്,​ ബ്രാഞ്ച് സെക്രട്ടറി വിൽസൺ ഡാനിയേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ ഡിപ്പോ ഉപരോധിച്ചത്. സ്ഥലത്തെത്തിയ കാഞ്ഞാർ സി.ഐയുടെ നേതൃത്വത്തിൽ ബസ് റൂട്ട് പരിശോധിച്ചു. കെ.എസ്.ആർ.ടിസി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് ഇടപെട്ടതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ സർവീസ് നടത്താനും തീരുമാനിച്ചു. ടാറിംഗ് ഇളകി തകർന്ന റോഡിൽ താത്കാലികമായി മക്ക് നിരത്താൻ നടപടി സ്വീകരിക്കുമെന്ന് അറക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസിഡന്റ് ടോമി കുന്നേൽ അറിയിച്ചു.