midhun

അടിമാലി: മൂന്നാറിനടുത്ത് മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തിയ തിരുവനന്തപുരം സ്വദേശി മിഥുൻ കൃഷ്ണൻ (23) പുഴയിൽ മുങ്ങിമരിച്ചു. കല്ലിയൂർ കുഴിതാലച്ചൽ കൃഷ്ണേന്ദുവിൽ മുരുകൻ - സുജ ദമ്പതികളുടെ മകനായ മിഥുൻ കോലഞ്ചേരി മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ വിഭാഗം ജീവനക്കാരനായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആനക്കുളം വല്യപാറക്കുട്ടിക്ക് സമീപം മൂന്നു സുഹൃത്തുക്കളുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടയിലായിരുന്നു അപകടം.

ചേർത്തല സ്വദേശി സനു, പെരുമ്പാവൂർ ഐമുറി സ്വദേശി ജ്യോതിഷ്, കോട്ടയം സ്വദേശി അഖിൽ എന്നിവർക്കൊപ്പം മാങ്കുളത്തെ ഹോംസ്റ്റേയിൽ താമസിച്ച് ആനക്കുളത്ത് വിനോദസഞ്ചാരം നടത്തുകയായിരുന്നു മിഥുൻ. ശനിയാഴ്ച രാത്രി 12.30 നായിരുന്നു ഇവർ ഹോംസ്റ്റേയിലെത്തിയത്.

ഇന്നലെ രാവിലെ നാലംഗ സംഘം ട്രക്കിംഗ് ജീപ്പിൽ ആനക്കുളത്തിന് പോയി. വല്യപാറകുട്ടിക്ക് സമീപമുള്ള പുഴയിൽ കുളിക്കുന്നതിനിടെ മിഥുനും സനുവും വെള്ളത്തിൽ മുങ്ങി.

ഒപ്പമുണ്ടായിരുന്ന അഖിലും ജ്യോതിഷും ചേർന്ന് സനുവിനെ വെള്ളത്തിൽ നിന്ന് വലിച്ച് കയറ്റി. ഇതിനിടെ മിഥുൻ പൂർണമായി വെള്ളത്തിലേക്ക് താഴ്ന്നു. മറ്റ് സഞ്ചാരികളും നാട്ടുകാരും ചേർന്ന് മിഥുനെ പുഴയിൽ നിന്ന് കരയിലെത്തിച്ച് ഉടൻ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണേന്ദു സഹോദരിയാണ്.