തൊടുപുഴ: വ്യാജ ചികിത്സയ്ക്കുള്ള പിഴ വർദ്ധിപ്പിച്ചുകൊണ്ട് ആരോഗ്യ മേഖലയിൽ നിയമനിർമ്മാണം നടത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ എറണാകുളം സോൺ മിഡ്‌കോൺഫറൻസ് ആവശ്യപ്പെട്ടു. വ്യാജ ചികിത്സയ്ക്കുള്ള പിഴ വളരെ തുച്ഛമായതിനാൽ ആയുർവേദ മേഖലയിലെ വ്യാജന്മാർ ഇതു മുതലെടുക്കുന്നതിനാൽ തുക വർദ്ധിപ്പിക്കുതോടൊപ്പം തടവുശിക്ഷയും ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആർദ്രം പദ്ധതിയിൽ ആയുർവേദത്തിന് അർഹമായ പ്രാധാന്യം നല്കുക, സർക്കാർ മേഖലയിൽ കിടത്തി ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. അസോസിയേഷന്റെ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം സോൺ മിഡ് കോൺഫറൻസും സഹചര ശാസ്ത്ര സെമിനാറും തൊടുപുഴയിൽ നടന്നു. ധന്വന്തരി വൈദ്യശാല കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ എറണാകുളം സോൺ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് മുഖ്യപ്രഭാഷണം നടത്തി. സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, ആപ്ത മാനേജിംഗ് എഡിറ്റർ ഡോ. രാജശേഖരൻ, ഇൻഷുറൻസ് സബ് കമ്മിറ്റി ചെയർമാൻ ഡോ. ആർ. കൃഷ്ണകുമാർ, ഡോ. സി.ഡി. സഹദേവൻ, ഡോ. എൻ. സതീഷ് കുമാർ, ഡോ. നെസിയ ഹസൻ, ഡോ. ജോയ്സ് കെ. ജോർജ്ജ്, ഡോ. മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് 'സഹചര' ശാസ്ത്ര സെമിനാർ സീരിസിലെ രണ്ടാമത് ക്ലാസ് 'കാൻസർ ചികിത്സാനുഭവം ' എന്ന വിഷയത്തിൽ ആയുർവേദ ചികിത്സാ വിദഗ്ദ്ധൻ ഡോ. സി.ഡി. സഹദേവൻ. ഡോ. ലിമ മാത്യു, ഡോ. ഗണേഷ് മാൽവാഡ എന്നിവർ നേതൃത്വം നൽകി.