തൊടുപുഴ: കേരള കോൺഗ്രസിൽ പിളർപ്പിനൊപ്പം ആളില്ലെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. കോട്ടയത്തു ചേർന്ന യോഗം പാർട്ടി ഭരണഘടനയുടെ ലംഘനമാണ്. ആൾക്കൂട്ടം ചേർന്ന് ചെയർമാനെ തിരഞ്ഞെടുക്കുകയെന്നത് കേരളാ കോൺഗ്രസിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും യോഗ തീരുമാനം നിലനിൽക്കില്ലെന്നും തൊടുപുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ജോസഫ് പറഞ്ഞു.
പാർട്ടി സംസ്ഥാന കമ്മിറ്റി വിളിക്കാൻ കുറഞ്ഞത് പത്തു ദിവസത്തെ നോട്ടീസ് നൽകണം. യോഗത്തിന്റെ അറിയിപ്പ് ശനിയാഴ്ച എസ്.എം.എസ് വഴിയും പത്രങ്ങളിലൂടെയുമാണ് വന്നത്. സംസ്ഥാന കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങൾക്കും അറിയിപ്പ് കിട്ടിയിട്ടുമില്ല. യോഗം വിളിച്ചത് ജനറൽ സെക്രട്ടറി പോലുമല്ല. ചെയർമാനെ തിരഞ്ഞെടുക്കാൻ റിട്ടേണിംഗ് ഓഫീസർ വേണം. പങ്കെടുത്ത ഭൂരിപക്ഷം പേരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല- ജോസഫ് പറഞ്ഞു.
ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് ജോസ് കെ. മാണി മനഃപൂർവം ഒഴിഞ്ഞുനിൽക്കുകയായിരുന്നുവെന്ന് ജോസഫ് ആരോപിച്ചു.
ഇന്നലെത്തന്നെ ജോസ് കെ. മാണി ചെയർമാന്റെ കസേരയിൽ പോയി ഇരുന്നു. ഭരണഘടനയ്ക്ക് വിരുദ്ധമായി സമാന്തരയോഗത്തിൽ പങ്കെടുത്ത നേതാക്കൾ, സ്വയം പാർട്ടി വിടുന്നതിനു തുല്യമാണ്. തെറ്റിദ്ധാരണ മൂലം യോഗത്തിൽ പങ്കെടുത്ത നേതാക്കൾ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
ചെയർമാന്റെ മരണത്തിനു ശേഷം എല്ലാ ചുമതലകളും അധികാരങ്ങളും ചെയർമാനിൽ നിക്ഷിപ്തമാണ്. പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതുവരെ എല്ലാ ചുമതലകളും തനിക്കാണ്. നിയമസഭയിൽ തത്കാലം പ്രതിസന്ധിയില്ല. പ്രശ്‌നം എങ്ങനെ നേരിടുമെന്നത് വരുംദിവസങ്ങളിൽ കാണാമെന്നും ജോസഫ് പറഞ്ഞു.
നിയമസഭയിൽ
തൽസ്ഥിതി
പാർട്ടിയിലെ പ്രശ്നങ്ങൾ തൽക്കാലം നിയമസഭയിൽ പ്രതിഫലിക്കില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും ഉണ്ടാകുന്നത്. പാർട്ടിയുടെ നിയമസഭാകക്ഷി ഉപനേതാവായ പി.ജെ. ജോസഫിനെ താൽക്കാലിക കക്ഷിനേതാവായി നിയോഗിച്ച സ്ഥിതി തുടരും. ഇരുവിഭാഗങ്ങളും അകന്ന സ്ഥിതിക്ക് നിയമസഭാകക്ഷി യോഗം ഉടനെ ചേർന്ന് കക്ഷിനേതാവിനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യമില്ല. എന്നാൽ, നിയമസഭയ്ക്കകത്ത് തൽക്കാലം പ്രത്യേക അവകാശവാദമൊന്നും ഉയർത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ജോസ് വിഭാഗം. നിഷ്പക്ഷനിലപാട് തുടരുന്ന പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് നയം വ്യക്തമാക്കാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.
.
അന്ന് സ്ഥാനം
പോയത് പിള്ളയ്ക്ക്
കേരള കോൺഗ്രസിലെ പിളർപ്പിന്റെ ഭാഗമായി കൂറുമാറ്റ നിരോധന നിയമപ്രകാരം മുമ്പ് എം.എൽ.എ സ്ഥാനം ഒഴിയേണ്ടി വന്നത് ആർ. ബാലകൃഷ്ണപിള്ളയ്ക്കാണ്. 1987ൽ യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന ജോസഫ് ഗ്രൂപ്പിന്റെ എം.എൽ.എ ആയിരുന്നു പിള്ള. 1989ൽ ജോസഫ് യു.ഡി.എഫ് വിട്ട് മൂവാറ്റുപുഴ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി. ബാലകൃഷ്ണപിള്ള അതിനെ എതിർത്തു പാർട്ടി വിട്ട് പിള്ള ഗ്രൂപ്പുണ്ടാക്കി. എം.എൽ.എസ്ഥാനം രാജിവച്ചു. ജോസഫ് പിന്നാലെ ഇടതുപക്ഷത്തേക്ക് അടുക്കുകയും 91ലെ തിരഞ്ഞെടുപ്പായപ്പോൾ ഔദ്യോഗികമായി ഇടത് ഘടകകക്ഷിയാവുകയും ചെയ്തു.