രാജാക്കാട്: ടൗണിലെ ചിറയ്ക്ക് ഫ്യൂവൽസിന് സമീപം അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. എൻ.ആർ സിറ്റി സ്വദേശി അഭയദേവിനാണ് (21) പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എൻ.ആർ സിറ്റി ഭാഗത്ത് നിന്ന് പാഞ്ഞെത്തിയ കാർ പെട്രോൾ പമ്പിനു സമീപത്തെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് റോഡിൽ വട്ടം കറങ്ങി മുന്നോട്ട് കുതിച്ച് തൊട്ടുചേർന്നുള്ള ജംഗ്ഷനിലൂടെ വാക്കേസിറ്റി ഭാഗത്തേയ്ക്ക് നീങ്ങുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ച ശേഷം മുന്നോട്ട് നീങ്ങി നിന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ച അഭയദേവ് പെട്രോൾ പമ്പിലെ സിമന്റ് തറയിലേയ്ക്ക് തെറിച്ചുവീണു. ഇരു കാലുകൾക്കും തലയ്ക്കും കൈകൾക്കും വയറിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ അപകടം കണ്ട് ഓടിക്കൂടിയവർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് എറണാകുത്തെ മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയി. കാറിനുള്ളിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവറെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിയേറ്റ കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു.