car
കാർ റോഡരുകിലെ ഗ്രാന്റീസ് മരത്തിൽ നിയന്ത്രണം വിട്ട് ഇടിച്ചപ്പോൾ

മറയൂർ: മറയൂർ- മൂന്നാർ പാതയിൽ അപകടത്തിൽപ്പെട്ട വിനോദ സഞ്ചാരികളെ ഭീഷണിപ്പെടുത്തി നാട്ടുകാരിലൊരാൾ മൂവായിരം രൂപ വാങ്ങി. ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്ക് വന്ന അഞ്ചഗ സംഘത്തിൽ നിന്നാണ് തലയാർ സ്വദേശിയായ വ്യക്തി മൂവായിരം രൂപ വാങ്ങിയെടുത്തത്. സി.ആർ.പി.എഫ് ജീവനക്കാരാണെന്ന് പറഞ്ഞാണ് ഇയാൾ വിനോദ സഞ്ചാരികളെ ഭീഷണിപ്പെടുത്തിയത്. രാവിലെ എട്ടുമണിയോടെയാണ് തലയാർ തേയിലതോട്ടത്തിന് സമീപത്ത് വളവിൽ നിയന്ത്രണം നഷ്ടമായി കാർ താഴ്ചയിലേക്ക് മറിഞ്ഞത്. റോഡരുകിൽ നിന്ന ഗ്രാന്റീസ് മരത്തിലിടിച്ചാണ് കാർ നിന്നത്. ഗ്രാന്റീസ് മരത്തിന്റെ തൊലിമാത്രമാണ് പോയത്. തേയില തോട്ടത്തിന്റെ മാനേജരെത്തി പരിശോധന നടത്തി കാർകയറ്റികൊണ്ടുപോകാൻ അനുവദിച്ചു. ഇതിനായി ട്രാക്ടർ വിട്ടു നൽകുകയും ചെയ്തു. എന്നാൽ കാർ റോഡിലേക്ക് കയറ്റുന്നതിനായി എത്തിയപ്പോൾ മരത്തിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്ന് അവകാശ പറഞ്ഞെത്തിയ ഇയാൾ സഞ്ചാരികളെ തടഞ്ഞ് മൂവായിരം രൂപ വാങ്ങിയെടുക്കുകയായിരുന്നു. ഒരാഴ്ച മുമ്പും ഇത്തരത്തിൽ വേലിയിൽ വാഹനം തട്ടിയതിന് മൂവായിരം രൂപ വാങ്ങിയതായി പറയുന്നു.