കരിമണ്ണൂർ: സഹകരണ വകുപ്പ് ആരംഭിച്ചിട്ടുള്ള കെയർ ഹോം പദ്ധതിയുടെ ഭാഗമായി വണ്ണപ്പുറം സഹകരണ ബാങ്ക് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ച് നൽകിയ മൂന്ന് വീടുകളുടെ താക്കോൽദാനം മന്ത്രി എം.എം. മണി നിർവഹിച്ചു. ഹരിതം സഹകരണം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം ടൗണിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് തമ്പി കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് സജീവ് കർത്ത അനുമോദിച്ചു. വി.വി. മത്തായി, എൻ. സദാനന്ദൻ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ലൈല രമേശ്, തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ സി.സി. മോഹനൻ, വണ്ണപ്പുറം വില്ലേജ് ഓഫീസർ പി.കെ. സോമൻകുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി അഗസ്റ്റിൻ, ജഗതമ്മ വിജയൻ, ലീല തങ്കൻ, പി.പി. ജോയി എന്നിവർ സംസാരിച്ചു. കെ.എം. സോമൻ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.ആർ. രേഷ്മ നന്ദിയും പറഞ്ഞു.