രാജാക്കാട്: മൂന്നാറിൽ എത്തുന്ന വിദേശികളടക്കമുള്ള സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പട്രോളിംങ്ങ് ആരംഭിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഡി.വൈ.എസ്.പി എം. രമേഷ് കുമാർ നിർവഹിച്ചു. ജില്ലയിൽ മൂന്നാറിലാണ് ആദ്യഘട്ടമെന്ന നിലയിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഏറ്റവുമധികം സന്ദർശകരെത്തുന്ന മൂന്നാറിൽ സ്ത്രികളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ പിങ്ക് പെട്രോളിംഗ് സംവിധാനം ഉപകാരപ്പെടുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. ഇന്നലെ ഇടുക്കി ജില്ലാ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.പി കെ. മുഹമ്മദ് ഷാഫി ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. തുടർന്നാണ് വാഹനം മൂന്നാറിൽ എത്തിയത്. ഒരു വനിത സബ് ഇൻസ്‌പെക്ടർ, മൂന്ന് വനിതാ പോലീസ് എന്നിവർ ഉൾപ്പെടുന്ന പട്രോൾ വാഹനത്തിന്റെ ഡ്രൈവറും വനിതാ പൊലീസ് ആണെന്നതാണ് പ്രത്യേകത. 1515 എന്ന ടോൾ ഫ്രീ നമ്പറിൽ എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെ ഇവരുടെ സേവനങ്ങൾ ലഭ്യമാണ്. രണ്ട് ഷിഫ്‌റ്റ് അടിസ്ഥാനത്തിലാണ് ഡ്യൂട്ടി സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലകളായ മാട്ടുപ്പെട്ടി, രാജമല, പഴയമൂന്നാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം.