തൊടുപുഴ: പിളരുന്തോറും വളരുകയും, വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസെന്ന് പറഞ്ഞെന്ന് മാസങ്ങൾക്ക് മുമ്പ് അന്തരിച്ച കെ.എം. മാണിയായിരുന്നു. ഇന്ന് കെ.എം. മാണിയുടെ സ്വന്തം പാർട്ടി മകൻ തന്നെ പിളർത്തുമ്പോൾ അത് വളരുമോ തളരുമോയെന്നറിയാൻ മാണിയില്ല. എന്നാൽ കേരളാകോൺഗ്രസിന്റെ പിളർപ്പുകൾക്കെല്ലാം സാക്ഷിയോ കാരണമോ ആയിട്ടുള്ള ഒരു 78 കാരൻ പുറപ്പുഴ പാലത്തിനാൽ വീട്ടിലുണ്ട്. ഒട്ടും തളരാതെ. ഇന്നലെ രാവിലെ ഒമ്പത് മുതൽ പുറപ്പുഴയിലെ പി.ജെ. ജോസഫിന്റെ വീട്ടിൽ വൻമാദ്ധ്യമപട കാത്ത് നിൽപ്പുണ്ടായിരുന്നു. ജോസഫും മാണി ഗ്രൂപ്പും തമ്മിലുള്ള അസ്വാരസ്യം തുടങ്ങിയ നാൾ മുതലുള്ള പതിവ് കാഴ്ച. എന്നാൽ ഇന്ന് രണ്ടിലൊന്ന് അറിയാമെന്ന കണക്കൂട്ടിലായിരുന്നു എല്ലാവരും. ജോസഫിന് ഇത് ഒരു സാധാരണ ദിവസം മാത്രമായിരുന്നു. രാവിലെ മുതൽ കോളേജ് അഡ്മിഷനുകൾക്കും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പതിവുപോലെ സന്ദർശകരെത്തിക്കൊണ്ടിരുന്നു. എല്ലാവരുടെയും പരാതികളും ആവശ്യങ്ങളും അദ്ദേഹം സൗമ്യനായി കേട്ടു. എല്ലാവരെയും മടക്കിയയച്ച ശേഷം 10.30ന് ഞായറാഴ്ച കുർബാന കൈക്കൊള്ളാൻ പള്ളിയിലേക്ക് പോയി. പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ നിന്ന് തിരികെ വീട്ടിലേക്ക്. 11.30ന് പുറത്തിറങ്ങിയ ജോസഫ് രണ്ടര മണിക്കൂറോളമായി കാത്ത് നിൽക്കുന്ന മാദ്ധ്യമപ്രവർത്തകരെ നിരാശപ്പെടുത്തിയില്ല. കോട്ടയത്ത് ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം ഭരണഘടനാലംഘനമാണെന്ന് അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ ചെയർമാന്റെ ചുമതലയുള്ള തനിക്ക് മാത്രമാണ് അധികാരമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചോദ്യങ്ങൾക്കൊപ്പം ചെവികൊടുക്കാതെ രണ്ട് കല്യാണങ്ങളിൽ പങ്കെടുക്കാനായി അദ്ദേഹം കാറിൽ കയറി സ്ഥലംവിട്ടു. ഉച്ചകഴിഞ്ഞ് തിരികെയെത്തിയ ജോസഫ് ടെലിവിഷനുമുമ്പിലായിരുന്നു കൂടുതൽ സമയവും ചെലവഴിച്ചത്. ഇതിനിടെ കോൺഗ്രസ് നേതാക്കളുടെയും തനിക്കൊപ്പം നിൽക്കുന്ന പാർട്ടി നേതാക്കളുടെയും ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. മൂന്ന് മണിയോടെ ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി പ്രഖ്യാപിച്ചെന്ന വാർത്ത പുറത്തുവരുന്നു. ഇതോടെ പാർട്ടി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് അടക്കമുള്ള ജില്ലയിലെ പ്രമുഖ ജോസഫ് പക്ഷ നേതാക്കൾ പുറപ്പുഴയിലെ വീട്ടിലെത്തി. പിന്നീട് അവരുമായി അൽപ്പം ചർച്ച. വാർത്തയോട് ജോസഫ് എങ്ങനെ പ്രതികരിക്കുമെന്നറിയാനായിരുന്നു ഏവർക്കും ആകാംക്ഷ. തുടർന്ന് അഞ്ച് മണിയോടെ ജോസഫ് മാദ്ധ്യമങ്ങളെ കാണാനായി ചിരിച്ച മുഖത്തോടെ പുറത്തേക്ക്. ഈ സമയം പാർട്ടിയുടെ യുവജന നേതാക്കൾ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി. ഒരു കൈ ഉയർത്തി ജോസഫ് അത് നിശബ്ദമാക്കി. തുടർന്ന് മാദ്ധ്യമങ്ങളുടെ മുന്നിലെത്തിയ അദ്ദേഹം പാർട്ടി പിളർന്നതായി പ്രഖ്യാപിച്ചു. 15 മിനിട്ടോളം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ശാന്തനായി മറുപടി നൽകിയ ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.