തൊടുപുഴ: പുകരഹിത ഇടുക്കി എന്ന ലക്ഷ്യത്തോടെ എല്ലാ വീടുകളിലും പാചകവാതകം ലഭ്യമാക്കുന്നതിനായി ഭാരത്ഗ്യാസ് ഓണംമൺസൂൺ കണക്ഷൻ കാമ്പയിൻ ആരംഭിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17 മുതൽ സെപ്തംബർ 15 വരെ നടക്കുന്ന കാമ്പയിനിൽ വിലക്കുറവോടുകൂടി ഗ്യാസ് കണക്ഷൻ ലഭിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിന് സിലിണ്ടർ ഡെപ്പോസിറ്റ്, റെഗുലേറ്റർ ഡെപ്പോസിറ്റ്, ഉപഭോക്താവിനുള്ള ബുക്ക്, ഹോസ്, ഇൻസ്‌പെക്ഷൻ ചാർജ് എന്നിവയടക്കം 1999 രൂപ അടയ്ക്കണം. പാചകവാതക വില ഇതിന് പുറമെ നൽകണം. കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ആധാർ ഉൾപ്പെടെ രണ്ട് സർക്കാർ അംഗീകൃത തിരിച്ചറിയൽരേഖ, രണ്ട് ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ സഹിതം അടുത്തുള്ള ഭാരത് ഗ്യാസ് ഏജൻസിയെ സമീപിക്കണം. പദ്ധതി കാലയളവിൽ കണക്ഷൻ എടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ എൽ.ഇ.ഡി ടിവി, സ്മാർട്ട് ഫോൺ, മിക്സി, കുക്കർ തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യാത്ത ഉപയോക്താവിന്റെ കണക്ഷൻ വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പുനഃസ്ഥാപിക്കുന്നതിന് ഉടൻ ആധാറുമായി അക്കൗണ്ട് ലിങ്ക് ചെയ്യണമെന്നും ഇവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ബി.പി.സി.എൽ അസിസ്റ്റന്റ് മാനേജർ അഭിഷേക് നാഥ് ബനിയ, വിവിധ ഏജൻസി ഉടമകളായ ചെറിയാൻ കെ.എ. ബ്രഹാം, വൈശാഖ് ജെയിൻ, പ്രസാദ് ഭാസ്‌കർ, ബാബു ജോസ് എന്നിവർ പങ്കെടുത്തു.

സ്വീകരണം നൽകി

തൊടുപുഴ: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി- പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ സ്‌കൗട്ട് ഗൈഡ് വിഭാഗം കുട്ടികൾക്ക് സ്വീകരണം നൽകി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ കമ്മിഷണർ ജയിംസ് ടി. മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി ദിനേശ് എം. പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സോജൻ അബ്രഹാം, സ്‌കൂൾ മാനേജർ ഫാ. ജിയോ തടിക്കാട്, സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. അപ്പുണ്ണി, സ്‌കൂൾ ഹെഡ്മിസ്ട്രസ് അനിത ജി. നായർ, ഡിസ്ട്രിക്ട് കമ്മീഷണർ സിസ്റ്റർ റോസിലി ജില്ലാ ട്രെയിനിംഗ് കമ്മീഷണർ പി.ഡി.സിസിലി, അസിസ്റ്റന്റ് സെക്രട്ടറി എ.സി. കുര്യൻ, ജില്ലാ ഭാരവാഹികളായ ഡെയ്സൺ മാത്യു, ജീമോൻ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.


ബോധവത്കരണ ക്ലാസ്

വഴിത്തല: ശാന്തിഗിരി കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റ്, ലഹരിമോചന കേന്ദ്രമായ പാല അഡാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ അമ്മമാർക്കായി ബോധവത്കരണ ക്ലാസ് നടത്തി. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും കുട്ടികളുടെ പരിപാലനത്തെ കുറിച്ചുമാണ് ക്ലാസുകൾ നടത്തിയത്. എക്‌സൈസ് ഓഫീസർ വിനിത ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ സോഷ്യൽ വർക്ക് വിദ്യാർഥികളായ അഖില ആനന്ദ്, അഞ്ജന ബാബു എന്നിവർ നേതൃത്വം നൽകി. പാല അഡാർട്ട് കൗൺസിലർ റോസമ്മ തോമസ് ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രതിനിധി ബിന്ദു ബിനോയി, എഡിഎസ് മെബർ ഷൈമ എന്നിവർ പ്രസംഗിച്ചു.

ലോകരക്ത ദാന ദിനാചരണം

മുട്ടം: ധന്വന്തരി പാരാമെഡിക്കൽ സയൻസിന്റെ നേതൃത്വത്തിൽ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ലോകരക്ത ദാന ദിനാചരണം സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ രക്ത ദാനത്തെ കുറിച്ച് ക്ലാസ് നയിച്ചു.

അപകടകരമായ മരങ്ങൾ വെട്ടിമാറ്റണം

മുട്ടം: തൊടുപുഴ ഇടുക്കി റോഡിൽ മുട്ടം എൻജിനിയറിംഗ് കോളജിന് സമീപം റോഡ് സൈഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആഞ്ഞിലി, പാല തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റണമെന്ന് ജനതാദൾ യു.ഡി.എഫ് മുട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ വിൻസന്റ് കട്ടിമറ്റം അദ്ധ്യക്ഷത വഹിച്ചു. രാജു മുണ്ടയ്ക്കാട്ട്, ജോസ് ചുവപ്പുങ്കൽ, ജോസ് എംബ്രയിൽ, സാബു മഠത്തിപറമ്പിൽ, ദേവ് സെബാസ്റ്റ്യൻ, ഏബ്രാഹം നെല്ലൻകുഴിയിൽ തുടങ്ങിയർ പ്രസംഗിച്ചു.

അറിയിപ്പ്

വണ്ണപ്പുറം: 25 സെന്റിൽ കുറയാത്ത പച്ചക്കറി കൃഷി, തരിശുനിലത്ത് നെൽകൃഷി ചെയ്യുന്നവർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം 30നകം വണ്ണപ്പുറം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. കർഷക പെൻഷൻ ലഭിക്കുന്നവർ ബാങ്ക് പാസ്ബുക്കുമായെത്തി പെൻഷൻ പുതുക്കണമെന്നു കൃഷി ഓഫീസർ അറിയിച്ചു.