രാജാക്കാട്: ബസിൽ കളഞ്ഞുകിട്ടിയ സ്വർണവും പണവും ഉടമയ്ക്ക് തിരികെ നൽകി ജീവനക്കാർ മാതൃകയായി. രാജാക്കാട്- നെടുങ്കണ്ടം റൂട്ടിൽ ഓടുന്ന ഫ്രണ്ട്‌സ് ബസിലെ ജീവനക്കാർക്കാണ് ബസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം 9,500 രൂപയും ഒരു പവൻ സ്വർണവും ലഭിച്ചത്. ഉടൻതന്നെ ഇവർ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുകയും ഉടമയെ കണ്ടെത്തുകയും ചെയ്തു. ബി.എം.എസ് യൂണിയൻ അംഗങ്ങളുമായ ഡ്രൈവർ പി.ബി. സതീശൻ, കണ്ടക്ടർ ഷൈജു രവി എന്നിവർ ചേർന്ന് രാജാക്കാട് പൊലീസ് സ്റ്റേഷനിൽ എസ്.ഐ പി.ഡി അനൂപ്‌മോന്റെ സാന്നിദ്ധ്യത്തിൽ ഉടമയായ നെടുങ്കണ്ടം തെങ്ങുംപള്ളി ഏലിക്കുട്ടിയ്ക്ക് പണവും സ്വർണവും കൈമാറി. ബി.എം.എസ് മേഖലാ സെക്രട്ടറി പുഷ്പാംഗദൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. ബാബു എന്നിവരും പങ്കെടുത്തു.