ചെറുതോണി: യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റിന്റെ വ്യാപാരഭവനിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നടന്ന പൊലീസ് റെയ്ഡിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11ന് യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. മർച്ചന്റ്സ് അസോസിയേഷൻ ചെറുതോണി യൂണിറ്റിന്റെ തിരഞ്ഞെടുപ്പിന് അൽപസമയങ്ങൾക്ക് മുമ്പ് സി.പി.എം പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്ന് നേതാക്കൾ ആരോപിച്ചു. പൊലീസ് ഭരണകക്ഷി നേതാക്കളുടെ ഏറാൻ മൂളികളായി മാറിയിരിക്കുന്നെന്നും ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയുന്നതല്ലെന്നും യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ചെറുതോണിയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ റോയി കൊച്ചുപുര അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ എ.പി. ഉസ്മാൻ, എൻ. പുരുഷോത്തമൻ, ജേക്കബ് പിണക്കാട്ട്, അനിൽ ആനയ്ക്കനാട്ട്, റിൻസി സിബി, പി.ഡി ജോസഫ്, ജോയി വർഗീസ്, ഇ.പി. നാസർ, ആലീസ് ജോസ് എന്നിവർ പ്രസംഗിച്ചു.