രാജാക്കാട്: മൈലാടുംപാറ- പൊത്തക്കള്ളി- തിങ്കൾക്കാട് റോഡ് പൂർണമായി തകർന്ന് വെള്ളക്കെട്ടും ചെളിക്കുഴികളുമായി മാറി. നെടുങ്കണ്ടം, അടിമാലി ടൗണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട മലയോര ഹൈവേയുടെ ഭാഗമാണിത്. മൈലാടുംപാറ ജംഗ്ഷൻ മുതൽ പൊത്തക്കള്ളി കോളനിക്കവല വരെയുള്ള അഞ്ച് കിലോമീറ്റർ ടാറിംഗ് തകർന്നിട്ട് മാസങ്ങളായി. മഴ പെയ്തതോടെ സമീപത്തെ കൃഷിയിടങ്ങളിൽ നിന്നും മലമുകളിൽ നിന്നുമുള്ള വെള്ളവും ചെളിയും ഒഴുകിയെത്തി ഈ കുഴികളിൽ കെട്ടിക്കിടക്കുകയാണ്. റോഡിന്റെ നിർമ്മാണകാലത്ത് വലിയ കല്ലുകൾ കൊണ്ടുവന്നിട്ടായിരുന്നു കുഴികൾ നികത്തിയത്. ടാറിംഗ് ഇളകി മാറിയതോടെ കുഴികളിൽ ഈ കല്ലുകൾ തെളിഞ്ഞിരിക്കുകയാണ്. വെള്ളക്കെട്ട് മൂലം ഈ അപകടാവസ്ഥ അറിയാതെ കുഴികളിൽ ഇറങ്ങുന്ന വാഹനങ്ങളുടെ അടിവശം കല്ലുകളിൽ ഇടിക്കുന്നത് പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് റോഡിന്റെ ദുരവസ്ഥ മൂലം ഏറെ ബുദ്ധിമുട്ടുന്നത്. മീറ്ററുകളോളം നീളത്തിൽ വെള്ളവും ചെളി കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളും ഇവിടെ പതിവായി അപകടത്തിൽ പെടുന്നുണ്ട്. കാലുകൾ കുത്തി മറുകര കടക്കുന്നതിനും നിവൃത്തിയില്ല. വാഹങ്ങൾ പരസ്പരം മറികടക്കുന്നതിനിടെ യാത്രക്കാരുടെ ദേഹത്തും വസ്ത്രങ്ങളിലും ചെളി തെറിക്കുന്നതും പതിവാണ്. വളവുകളിലും കയറ്റങ്ങളിലും ടാറിംഗ് ഇളകിക്കിടക്കുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്തും. ത്രിതല പഞ്ചായത്തുകൾക്ക് പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇതെന്നും എം.എൽ.എയോ മന്ത്രിയോ ഇടപെട്ട് പണം വകയിരുത്തി റീ ടാർ ചെയ്യണമെന്നും നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നു.
അടിമാലി, നെടുങ്കണ്ടം റൂട്ടിൽ ഓടുന്ന നിരവധി ബസുകളും, വിനോദ സഞ്ചാരികളുടെ വാഹനങ്ങളും സ്‌കൂൾ- കോളേജ് ബസുകളും തൊഴിലാളി വാഹനങ്ങളും ഉൾപ്പെടെ ദിവസവും ആയിരക്കണക്കിന് വലുതും ചെറുതുമായ വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. വെള്ളത്തൂവൽ, പൊന്മുടി, രാജാക്കാട് ഭാഗങ്ങളിൽ നിന്നുള്ളവർ നെടുങ്കണ്ടത്ത് എത്തുന്നതിന് ഉപയോഗിക്കുന്ന പ്രധാന റോഡുമാണിത്.