farmer
നാശനഷ്ടമുണ്ടായ കൃഷിയിടത്തിൽ കർഷക ജിജി തങ്കച്ചൻ

ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു. മണിയാറൻകുടി- വണ്ടന്മേട് കുറവുംപള്ളി ജിജി തങ്കച്ചന്റെ പുരയിടത്തിലാണ് കൃഷി നാശം ഉണ്ടായത്. എണ്ണൂറോളം വാഴകളാണ് ഇവർ കൃഷി ചെയ്തിരുന്നത്. ഇതിൽ മുന്നൂറിലധികം വാഴകൾ കാറ്റിൽ വീണു പോയി. കുലച്ചു തുടങ്ങിയ വാഴകളായിരുന്നു കാറ്റിൽ നശിച്ചത്. അന്പതിനായിരം രൂപ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. കൂടാതെ കുടുംബശ്രീയിൽ നിന്നും മറ്റ് സുഹൃത്തുക്കളിൽ നിന്നുമായി വേറെയും പണം കടമെടുത്താണ് കൃഷി നടത്തിയത്. കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥരെത്തി നാശനഷ്ടം ബോദ്ധ്യപ്പെട്ടെങ്കിലും വാഴ ഒരുപോലെയല്ല കുലച്ചിട്ടുള്ളതെന്നും അതിനാൽ നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയില്ലന്നും പറഞ്ഞതായി കർഷകയായ വീട്ടമ്മ ജിജി തങ്കച്ചൻ പറഞ്ഞു. ഒന്നര ലക്ഷത്തിലധികം രൂപ നഷ്ടമുണ്ടെന്നാണ് ഇവർ പറയുന്നത്. 500 വാഴകൾ ഇൻഷ്വർ ചെയ്തിരുന്നെങ്കിലും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും കണക്കെടുക്കാൻ ആരും എത്തിയില്ലെന്നും ഇവർ പറയുന്നു. കടമെടുത്തു ചെയ്ത് കൃഷി നശിച്ചതോടെ ദുരിതത്തിലായന ഈ കുടുംബത്തിന് പിടിച്ചു നിൽക്കണമെങ്കിൽ ഇനി സർക്കാർ സഹായം മാത്രമാണ് പ്രതീക്ഷ.