vaga
സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചിരിക്കുന്ന വാഗമൺ മൊട്ടക്കുന്ന്

ഇടുക്കി: വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ ഗ്ലൈഡിംഗ് പോയിന്റ്, പൈൻമരക്കാടുകൾ എന്നിവയ്‌ക്കൊപ്പം തന്നെ മൊട്ടക്കുന്നും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൊട്ടക്കുന്നിന്റെയും കോടമഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളാണ് ടൂറിസം വകുപ്പ് വാഗമണ്ണിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രവേശന കവാടം, ടൂറിസം ഇൻഫർമേഷൻ സെന്ററും ടിക്കറ്റ് കൗണ്ടറും, കല്ലുപാകി വശങ്ങളിൽ ചെടി നട്ട് മനോഹരമാക്കിയ നടപ്പാത, സിറ്റിംഗ് ബെഞ്ചുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമമുറി, സെൻസർ സംവിധാനമുള്ള എൽ.ഇ.ഡി ലൈറ്റിംഗ്, വേയ്സ്റ്റ് ബിന്നുകൾ, വിശാലമായ പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 99 ലക്ഷത്തോളം രൂപയാണ് ടൂറിസം വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ വാപ്‌കോസിനാണ് നിർമ്മാണ ചുമതല. അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. മൊട്ടക്കുന്നിന് സമീപമുള്ള തടാകത്തോട് ചേർന്ന് റോസ് ഗാർഡനും മൊട്ടക്കുന്നിൽ കുട്ടികൾക്കായി പാർക്കും സജ്ജീകരിക്കാൻ ഇതോടൊപ്പം ഉദ്ദേശിക്കുന്നുണ്ട്. മൺസൂൺ ടൂറിസം സീസണിൽ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാകുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷം അഞ്ചരലക്ഷത്തോളം വിനോദ സഞ്ചാരികളാണ് വാഗമൺ സന്ദർശിക്കാനെത്തിയത്. ഇതിൽ ഒന്നര ലക്ഷത്തോളം പേർ മൺസൂൺ സീസണിലാണ് എത്തിയത്. സന്ദർശകരുടെ ബാഹുല്യം കണക്കിലെടുത്ത് നിലവിലുള്ള ടോയ്‌ലറ്റ് ബ്ലോക്കിന് പുറമെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കൂടി നിർമ്മിച്ചത് സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാകും. ഇന്റർലോക്ക് കട്ടകൾ പാകിയാണ് വാഹനപാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. വാഗമൺ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയാണ് മൊട്ടക്കുന്നിന്റെ മേൽനോട്ടം വഹിക്കുന്നത്. മൺസൂൺ ടൂറിസത്തിന്റെ മനോഹാരിത ആസ്വദിക്കാൻ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ.