തൊടുപുഴ: തുടർന്ന് പഠിക്കാൻ താത്പര്യമില്ലാത്ത വിദ്യാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റ്‌ രേഖകളും പിടിച്ചുവയ്ക്കാൻ കോളേജുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മൂന്നാർ കാറ്ററിംഗ്‌ കോളേജ് പ്രിൻസിപ്പലും അഡ്മിനിസ്‌ട്രേറ്ററും പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അടിയന്തിരമായി തിരികെ നൽകിയശേഷം മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു. കോളേജ് അഡ്മിനിസ്‌ട്രേറ്ററും പ്രിൻസിപ്പലും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു. അജ്ഞാത കാരണങ്ങളാൽ സഹപാഠികളുടെ മുന്നിൽവച്ച് അധിക്ഷേപിക്കാറുണ്ട്. പ്രിൻസിപ്പൽ ബോധപൂർവമായ വൈരാഗ്യത്തിൽ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മാനസിക പീഡനം കാരണം പഠിത്തം മതിയാക്കാൻ താൻ തീരുമാനിച്ചതായി പരാതിയിലുണ്ട്. എന്നാൽ കോളേജ് സർട്ടിഫിക്കറ്റുകൾ മടക്കി നൽകുന്നില്ല. ഫീസിനത്തിൽ വൻതുക നൽകിയാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ മടക്കി നൽകൂവെന്നാണ്‌ കോളേജ് അധികാരികളുടെ പിടിവാശി. വിദ്യാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് കരസ്ഥമാക്കിയ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കാൻ കോളേജ് അധികൃതർക്ക് ഒരവകാശവുമില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.